'നിങ്ങളുടെ നാടകത്തിന്റെ ഇരയാകുന്നത് ദല്‍ഹി നിവാസികള്‍': രാഹുല്‍ ഗാന്ധി
national news
'നിങ്ങളുടെ നാടകത്തിന്റെ ഇരയാകുന്നത് ദല്‍ഹി നിവാസികള്‍': രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 7:16 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളെല്ലാം നാടകമാണെന്നും, ഇതിനിടയില്‍ യഥാര്‍ത്ഥത്തില്‍ ബലിയാടാകുന്നത് ദല്‍ഹി നിവാസികളാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ ദിവസങ്ങള്‍ക്കു ശേഷവും തുടരവേയാണ് രാഹുല്‍ ട്വിറ്ററില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

“ദല്‍ഹി മുഖ്യമന്ത്രി ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണയിരിക്കുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ധര്‍ണയിരിക്കുന്നു. ദല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ പ്രസ്സ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ നടക്കുന്ന അരാജകത്വത്തിനെതിരെ പ്രധാനമന്ത്രിയും കണ്ണടയ്ക്കുന്നു. ഈ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍, ദല്‍ഹി നിവാസികളാണ് യഥാര്‍ത്ഥത്തില്‍ ഇരകളാക്കപ്പെടുന്നത്.” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കഴിഞ്ഞയാഴ്ച ആരംഭിച്ച ആം ആദ്മി പാര്‍ട്ടി സമരത്തോട് ആദ്യമായാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ പ്രതികരിക്കുന്നത്. ട്വീറ്റിനു മറുപടിയുമായി നിമിഷങ്ങള്‍ക്കകം ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ സൗരഭ് ഭരദ്വാജും രംഗത്തെത്തി. “രാഹുല്‍ ജി, അജയ് മാക്കന്‍ പറയുന്നതിനു മാത്രം ചെവികൊടുക്കാതെ താങ്കള്‍ പുതുച്ചേരിയിലെ നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടു സംസാരിക്കൂ.” എന്ന് ഭരദ്വാജ് ട്വീറ്റില്‍ മറുപടി പറഞ്ഞു. അരുണാചല്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സിനെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചതാണെന്നും, ദേശീയപ്പാര്‍ട്ടികള്‍ക്ക് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് മികച്ച വീക്ഷണമുണ്ടാകണമെന്നും ഭരദ്വാജ് കുറിച്ചു.


Also Read: കാസര്‍കോട് മൂന്നാം ക്ലാസുകരാനായ ഫഹദിനെ കഴുത്തറുത്ത് കൊന്ന കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന് ജീവപര്യന്തം


 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ക്കൊപ്പം സത്യേന്ദര്‍ ജെയ്ന്‍ ധര്‍ണ തുടങ്ങിയത്.

എഴ് ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. എ.എ.പി അംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് അംഗങ്ങള്‍ പങ്കെടുത്ത പ്രതിഷേധ സമരവും ദല്‍ഹിയില്‍ നടന്നിരുന്നു.