| Tuesday, 14th March 2023, 9:05 am

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ പാര്‍ലമെന്റില്‍ പിന്തുണച്ച് ബി.ആര്‍.എസും ആം ആദ്മിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള ബി.ജെ.പിയുടെ പ്രതിഷേധം അടിസ്ഥാനരഹിതമെന്ന വാദത്തെ പിന്തുണച്ച് ഇടതുപാര്‍ട്ടികളും ആം ആദ്മിയും. ഭാരത് രാഷ്ട്ര സമിതിയും വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഭരണകക്ഷിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും ഇവര്‍ പറഞ്ഞു.

അദാനി വിഷയത്തില്‍ നിന്നും പാര്‍ലമെന്ററി സമിതി രൂപകല്‍പനയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള ബി.ജെ.പിയുടെ ആക്രമണമെന്നും,
ലോക്‌സഭയില്‍ നോട്ടീസ് നല്‍കി പറയാമായിരുന്ന വിഷയം കേന്ദ്രമന്ത്രി രാജ്യസഭയില്‍ വന്ന് സംസാരിച്ചത് ഏത് ചട്ടപ്രകാരമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

സഭ പിരിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ആം ആദ്മി നേതാക്കളായ രാഘവ് ഛദ്ദ, സഢ്ജയ് സിങ്, ബി.ആര്‍.എസ് നേതാവ് കേശവ്ദാസ് റാവു, മറ്റ് ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം പങ്കെടുത്തിരുന്നു.

വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നടത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

‘ഇന്ത്യക്കാരായി ജനിക്കാന്‍ മാത്രം തങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് ജനങ്ങള്‍ ചോദിക്കുന്നതായി പ്രധാനമന്ത്രി തന്നെ ചൈനയിലും ദക്ഷിണകൊറിയയിലും പോയി പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ വിഴുപ്പുമായി വന്നവര്‍ പോയെന്നും അത് തങ്ങള്‍ വൃത്തിയാക്കുമെന്നും കാനഡയില്‍ പോയി പറഞ്ഞു. പ്രധാനമന്ത്രിക്ക് വിദേശത്ത് പോയി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താമെങ്കില്‍ സെമിനാറുകളിലും മറ്റ് അനുബന്ധ പരിപാടികളിലും രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ എങ്ങനെ തെറ്റാകും,’ ഖാര്‍ഗെ ചോദിച്ചു.

വിദേശത്ത് രാജ്യങ്ങളില്‍ പോയി രാജ്യത്തെ താനും വിമര്‍ശിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബി.ആര്‍.എസ് രാജ്യസഭാ നേതാവ് കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കി.

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയെ വിമര്‍ശിച്ചതിനെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ പോയി സ്വന്തം രാജ്യത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ബി.ജെ.പി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലും രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.

Content Highlight: AAP and BRS supports Rahul Gandhi in Parliament

Latest Stories

We use cookies to give you the best possible experience. Learn more