| Tuesday, 13th July 2021, 8:50 pm

ആം ആദ്മി എപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞിരുന്നു; പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഒളിയമ്പുമായി നവ്‌ജ്യോത് സിംഗ് സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ഒളിയമ്പുമായി നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബിന് വേണ്ടി താന്‍ പ്രവര്‍ത്തിച്ചതും തന്റെ കാഴ്ചപ്പാടുകളും മനസിലാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് എപ്പോഴും സാധിച്ചിട്ടുണ്ടെന്നാണ് സിദ്ദു പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

‘പ്രതിപക്ഷ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി എന്റെ കാഴ്ചപ്പാടുകളും പഞ്ചാബിലെ പ്രവര്‍ത്തനങ്ങളെയും മനസിലാക്കിയിട്ടുണ്ട്. പഞ്ചാബ് ജനത നേരിടുന്ന മയക്കുമരുന്ന് വിഷയം, കര്‍ഷക പ്രശ്‌നങ്ങള്‍, അഴിമതി, ഊര്‍ജ്ജ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഞാന്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചിരുന്നു. പഞ്ചാബിന് വേണ്ടി പോരാട്ടം നടത്തുന്നത് ആരാണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം,’ സിദ്ദു ട്വീറ്റ് ചെയ്തു.

കഴിഞ്ഞ എസ്.എ.ഡി.- ബി.ജെ.പി ഭരണകാലത്ത് മയക്കുമരുന്ന് മാഫിയ, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സിദ്ദു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് സിദ്ദുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.

കുറച്ച് നാളുകളായി അമരീന്ദര്‍ സിംഗുമായി പ്രത്യക്ഷ യുദ്ധത്തിലാണ് നവ്‌ജ്യോത് സിംഗ് സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ആംആദ്മി പാര്‍ട്ടിയോട് അനുഭാവം നിലനിര്‍ത്തുന്ന തരത്തിലുള്ള സിദ്ദുവിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നത്.

സിദ്ദു ആംആദ്മി പാര്‍ട്ടിയിലേക്ക് പോകാനൊരുങ്ങുന്നതിന്റെ സൂചനയാണിതെന്നും ചര്‍ച്ചകളുണ്ട്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രിയപ്പെട്ടവനായിരുന്നു സിദ്ദു. ഇദ്ദേഹത്തെ അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, വളരെ പെട്ടെന്നാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

പിന്നീട് മന്ത്രിസ്ഥാനം രാജിവച്ച സിദ്ദു ക്യാപ്റ്റനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സിദ്ദുവിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി തലവനായി സിദ്ദുവിനെ നിയമിക്കാമെന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: AAP Always Recognised My Work”: Navjot Sidhu Tweet spreading mystery

We use cookies to give you the best possible experience. Learn more