ന്യൂദൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിലുള്ള 7 സീറ്റുകളും ആം ആദ്മി പാർട്ടി തന്നെ നേടുമെന്ന് ദൽഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനായി ഏറെ നാളുകളായി എ.എ.പി. ശ്രമിക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ ഇതിനെ പിന്തുണച്ച കോൺഗ്രസ്, പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ എതിർപ്പിനെ തുടർന്ന് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടർന്നാണ് കെജ്‌രിവാളിന്റെ പ്രസ്താവന.
Also Read മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പോലെ ബി.ജെ.പിയുടെ വെബ്‌സൈറ്റും മോഷണം പോയോ?
“സഖ്യത്തിന് കോൺഗ്രസ് ഇല്ല എന്ന കാര്യമാണ് മാധ്യമങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞത്. ദൽഹിയിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത്തും ഇതേ കാര്യം തന്നെ പറഞ്ഞു. ഞങ്ങൾ നടത്തിയ സർവേ പ്രകാരം ആം ആദ്മി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും നേടും. ഇതിനു ഞങ്ങൾക്ക് കോൺഗ്രസിന്റെ സഹായം ആവശ്യമില്ല.” അരവിന്ദ് കെജ്‌രിവാൾ ദൽഹിയിൽ മാധ്യമങ്ങളോടായി പറഞ്ഞു.
ബി.ജെ.പി. ഭരിക്കുന്ന പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ വാരിക്കോരി പാരിദോഷികങ്ങളും സഹായങ്ങളും നൽകുന്നുണ്ടെന്നും കഴിഞ്ഞ 70 വർഷമായി ദൽഹി ഇത് സഹിക്കുകയാണെന്നും ദൽഹി വരുമാനനികുതിയായി 1,50,000 കോടി നൽകുമ്പോഴും ഈ അവഗണന നേരിടേണ്ടി വരികയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ദൽഹിയിൽ ഇനിയും പല കാര്യങ്ങളും ചെയ്തു തീർക്കണ്ടതുണ്ടെന്നും, ദൽഹിക്ക് സംസ്ഥാന പദവി ലഭിച്ചാൽ മാത്രമേ അത് പൂർത്തിയാക്കാനാകൂ എന്നും കെജ്‌രിവാൾ വ്യക്തമാക്കി. മോദിയും അമിത് ഷായും രാജ്യത്തിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.
ഇന്നലെയാണ് സഖ്യം വേണ്ട എന്ന അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിച്ചരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി അണികളോട് തയാറാകാൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ഇനിയുള്ള പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകരാണ് ചെയ്യേണ്ടതെന്നും ദൽഹിയിലെ ഏഴ് സീറ്റുകളും കോൺഗ്രസിന്റെ കൈപ്പിടിയിലാക്കാൻ പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി അണികളെ ഉപദേശിച്ചു. കോൺഗ്രസിന് മാത്രമേ ദൽഹിയിലും ഇന്ത്യയിലും മാറ്റം കൊണ്ട് വരാൻ സാധിക്കൂവെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി അണികളോടായി പറഞ്ഞു.