| Saturday, 23rd March 2024, 10:31 am

മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്ക്; രേഖകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനും ഇ.ഡിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ ഇ.ഡിക്കാട്ടില്ലെന്ന് മന്ത്രി അതിഷി പറഞ്ഞു. എ.എ.പി നേതാക്കള്‍ അഴിമതി നടത്തിയിട്ടില്ല. മദ്യനയത്തിലെ പണ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നും ഇതുവരെ ഇ.ഡിക്ക് തെളിയിക്കാനായിട്ടില്ല.

മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണ്. അവരുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ട്രല്‍ ബോണ്ട് വഴി 34 കോടി രൂപബി.ജെ.പിക്ക് നല്‍കിയെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകളും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും അതിഷി ആവശ്യപ്പെട്ടു.

കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ഇടപാടുകളില്ലെന്നുമാണ് ശരത് ചന്ദ്ര റെഡ്ഡിയുടെ ആദ്യത്തെ മൊഴി. എന്നാല്‍ ഇ.ഡി അറസ്റ്റിന് പിന്നാലെ അദ്ദേഹം മൊഴി മാറ്റി. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇത് നിഗൂഢമാണ്. ഒരു രൂപയുടെ അഴിമതി പോലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തെളിയിക്കാനായിട്ടില്ല.

അരവിന്ദ ഫാര്‍മയുടെ ഡയറക്ടറായ ശരത് ചന്ദ്ര റെഡ്ഡി പലപ്പോഴായി 34 കോടി രൂപ ഇലക്ട്രല്‍ ബോണ്ടായി ബി.ജെ.പിക്ക് നല്‍കിയതായുള്ള രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അത്തരത്തില്‍ ഒരു വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഇ.ഡിയെന്നും ബി.ജെ.പി-റെഡ്ഡി ബന്ധം കെജ്‌രിവാളിനെ കുടുക്കുന്ന രീതിയിലേക്ക് എത്തുകയായിരുന്നെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പണം നല്‍കിയപ്പോള്‍ കേസില്‍ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡി മാപ്പ് സാക്ഷിയായെന്നും അതിഷി ആരോപിച്ചു.

മദ്യനയത്തില്‍ വലിയ അഴിമതി നടന്നു എന്നും കവിത ഉള്‍പ്പെടെയുള്ളവര്‍ക്ക് 100 കോടി ലഭിച്ചെന്നും അതിന്റെ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്നുമാണ് ഇ.ഡിയുടെ ആരോപണം.

മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെ ഇന്നലെ സുപ്രിംകോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്.

അദ്ദേഹത്തെ ഇന്ന് ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വലിയ സമരമാണ് ദല്‍ഹിയില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്താനും എ.എ.പി ആലോചിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more