കൊച്ചി: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നും ആം ആദ്മി പാര്‍ട്ടി. ചാനല്‍ പുറത്തുകൊണ്ടു വന്ന ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാക്കുകളും ശബ്ദങ്ങളും എം.കെ രാഘവന്റേതാണെങ്കില്‍ അത് ജനാധിപത്യത്തിന് നേരെയുള്ള വലിയൊരു ഭീഷണിയാണെന്നും എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടു കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്നും ലഭിച്ചെന്നും 20 കോടി രൂപ താന്‍ ചെലവാക്കി എന്നും തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കുന്നു എന്നതുള്‍പ്പെടെയുള്ള പല കാര്യങ്ങള്‍ രാഘവന്‍ സംസാരിക്കുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ 52 ലക്ഷത്തില്‍പരം രൂപ മാത്രമാണ് താന്‍ ചെലവഴിച്ചത് എന്ന് ഇലക്ഷന്‍ കമ്മീഷന് കണക്ക് കൊടുത്ത രാഘവന്‍ അത് കളവാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്.
70 ലക്ഷത്തില്‍ കൂടുതല്‍ രൂപ തെരഞ്ഞെടുപ്പ് ചെലവിനായി ഉപയോഗിച്ചു എന്നത് രാഘവന്റെ ലോക്‌സഭ അംഗത്വം മാത്രമല്ല അടുത്ത ആറു വര്‍ഷത്തേക്ക് എങ്കിലും മത്സരിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നതാണെന്നും എ.എ.പി പറയുന്നു.
ചാനല്‍ ആരുടേതാണ് എന്നോ അതിന്റെ പിന്നിലുള്ള താല്‍പര്യങ്ങള്‍ എന്താണെന്നോ ആരാണ് അതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നോ ഉള്ള തര്‍ക്കങ്ങള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ പോലും പണത്തിന്റെ ആധിപത്യം എത്രത്തോളമുണ്ട് എന്ന് വ്യക്തമായി കാണിക്കുന്നതാണ് ചാനല്‍ പുറത്തു വിട്ട വീഡിയോ ക്ലിപ്പെന്നും എ.എ.പി പ്രസ്താവനയില്‍ പറയുന്നു.
രാഘവനെതിരായ നിയമനടപടികള്‍ തീര്‍ന്നു വരുമ്പോഴേക്കും മാസങ്ങള്‍ കഴിയും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി അതിന്റെ നിലവാരം കാണിക്കണം. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ധാര്‍മികമായി തങ്ങളുടെ നിലവാരം എന്തെന്ന് പറയുവാന്‍ കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന ഒരവസരമാണിത്. തെരഞ്ഞെടുപ്പിലെ അമിത ധനവിനിയോഗവും അതിനുശേഷം ഭരണാധികാരത്തില്‍ എത്തുമ്പോള്‍ ഉള്ള അഴിമതിയും ഈ രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിക്കല്‍ ആണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു. അത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരായി ശക്തമായ നിലപാട് എടുക്കുമെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നു.