വെബ് സീരീസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ യൂട്യൂബ് ചാനലാണ് കരിക്ക്. കോമഡി സീരീസുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കരിക്ക് ഈയിടെ ഹ്യൂമര്‍ വിട്ട് സീരിയസ് കഥകളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.
കരിക്കിന്റെ ഏറ്റവും പുതിയ സീരീസായിരുന്നു പൊരുള്‍. ആറ് എപ്പിസോഡുകളുള്ള പൊരുള്‍ ഒരു ത്രില്ലര്‍ ഴോണറിലുള്ളതാണ്. ഗൗതം സൂര്യ സംവിധാനം ചെയ്ത സീരീസില്‍ അനു.കെ. അനിയന്‍, ജെയിംസ് ഏലിയ, ആന്‍ സലിം, മാല പാര്‍വതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.
തോമ എന്ന കുട്ടിയുടെ തിരോധാനം നടന്ന് 27 വര്‍ഷത്തിന് ശേഷം ആ കേസിന്റെ ദുരൂഹതയിലേക്ക് കടന്നു ചെല്ലുന്ന രവി എന്ന പൊലീസുകാരനിലൂടെയാണ് കഥ മുന്നോട്ടു പോയത്. പൊരുളിന് വേണ്ടി താന്‍ ജീപ്പോടിക്കാന്‍ പഠിച്ചതിനെ കുറിച്ച് പറയുകയാണ് ആന്‍ സലിം. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആദ്യം കഥാപാത്രത്തിന്റെ ഡയലോഗുകള്‍ പഠിച്ചു. പിന്നെ ഗൗതമുമായി സംസാരിച്ചു. സ്‌റ്റോറി ലൈനും ആ കഥാപാത്രത്തെ കുറിച്ചുമൊക്കെ ആദ്യം തന്നെ പറഞ്ഞിരുന്നു. വണ്ടി ഓടിക്കുമോയെന്ന് ചോദിച്ചു. ഓടിക്കാമെന്ന് പറഞ്ഞപ്പോള്‍ ജീപ്പോടിക്കണമെന്ന് പറഞ്ഞു. അങ്ങനെ അതിന് വേണ്ടി മാത്രം ഞാന്‍ ഫ്രണ്ടിനടുത്ത് പോയി ജീപ്പോടിക്കാന്‍ പഠിച്ചു,’ ആന്‍ സലിം പറയുന്നു.
ആ ജീപ്പ് ഓട്ടോമാറ്റിക് ആയിരുന്നില്ലെന്നും അതുകൊണ്ട് ആനിന് അത് ഡ്രൈവ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നെന്നും സംവിധായകന്‍ ഗൗതം സൂര്യയും അഭിമുഖത്തില്‍ പറഞ്ഞു.
‘ആന്‍ അപ്പോള്‍ വണ്ടിയോടിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ ജീപ്പാണെങ്കില്‍ ഡ്രൈവ് ചെയ്യാന്‍ വലിയ പ്രയാസമാണ്. ജീപ്പ് ഓട്ടോമാറ്റിക് ആയിരുന്നില്ല. ഹൈറേഞ്ചായത് കൊണ്ട് നല്ല ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ഷൂട്ട് ചെയ്ത ആ റോഡ് ഹൈവേയാണ്. അപ്പോള്‍ വണ്ടികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കും.
ഇതൊന്നും പോരാതെ രണ്ടുവശത്തുമായി ക്യാമറയുണ്ട്. അപ്പോള്‍ സാധാരണ വിടുന്നതിനേക്കാള്‍ സ്‌പേസ് വിട്ടിട്ട് വേണം വണ്ടി ഓടിക്കേണ്ടത്. ഇതിന്റെ കൂടെ ആനിന് ഡയലോഗ് പറഞ്ഞ് അഭിനയിക്കണം. അതൊക്കെ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്,’ ഗൗതം സൂര്യ പറഞ്ഞു.
Content Highlight: Aan Saleem Talks About Porul