| Monday, 30th July 2012, 10:21 am

അമീറിന്റെ സത്യമേവ ജയതേയ്ക്ക് വിജയാവസാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമീര്‍ഖാന്‍ അവതാരകനായ ടി.വി ചാറ്റ്‌ഷോ സത്യമേവ ജയതേയുടെ പ്രയാണം പൂര്‍ത്തിയായി. സാമൂഹിക , രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. []

മെയ് ആറിനാണ് സത്യമേവ ജയതേയുടെ സംപ്രേഷണം ആരംഭിച്ചത്. പെണ്‍ഭ്രൂണഹത്യയായിരുന്നു ഷോ ആദ്യമായി ചര്‍ച്ചചെയ്ത വിഷയം. ഈ ചര്‍ച്ച സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രദ്ധനേടുകയും പെണ്‍ഭ്രൂണഹത്യ തടയാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തിരുന്നു.

പിന്നീട് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളും സ്ത്രീധന വിഷയവും തോട്ടിപ്പണിയെടുക്കുന്നവരെക്കുറിച്ചുമെല്ലാം ഷോ ചര്‍ച്ച ചെയ്തിരുന്നു. വിഷയം ജനശ്രദ്ധയില്‍പ്പെടുത്തുന്നതിന് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖരെ നേരില്‍ക്കണ്ട് ഇക്കാര്യം അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അമീര്‍ ശ്രമിച്ചിരുന്നു.

പെണ്‍ഭ്രൂണഹത്യ, ഡോക്ടര്‍മാര്‍ക്കെതിരായ കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അമീര്‍ കണ്ടിരുന്നു.

ഇന്ത്യന്‍ ജനതയ്ക്ക് ഭരണഘടന സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജാതീയവും മതപരവുമായ വിവേചനം ഇന്നും തുടരുകയാണെന്ന് ഷോ വിലയിരുത്തി

ആരോഗ്യമേഖലയിലെ അപചയങ്ങളെ തുറന്നുകാട്ടിയ എപ്പിസോഡ് മെഡിക്കല്‍ സംഘടനകള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. അമീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഇവര്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അമീറിനെ ക്ഷണിച്ചത് സത്യമേവ ജയതേയുടെ വന്‍വിജയങ്ങളിലൊന്നാണ്.

ഞായറാഴ്ചത്തെ അവസാന എപ്പിസോഡില്‍ സമത്വാവകാശത്തെക്കുറിച്ചാണ് സത്യമേവ ജയതേ ചര്‍ച്ച ചെയ്തത്. ഇന്ത്യന്‍ ജനതയ്ക്ക് ഭരണഘടന സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജാതീയവും മതപരവുമായ വിവേചനം ഇന്നും തുടരുകയാണെന്ന് ഷോ വിലയിരുത്തി. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടും ഇതിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ ഒറ്റപ്പെട്ട ഹിന്ദു-മുസ്‌ലീം വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെ ഒരേകുടക്കീഴില്‍ പുനരധിവസിപ്പിച്ച സര്‍വോദയ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സത്യമേവ ജയതേ പുകഴ്ത്തി. കൂടാതെ വേശ്യകളെയും ബലാത്സംഗത്തിനിരയാവുന്നവരെയും പുനരധിവസിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണയുടെ പ്രവര്‍ത്തനങ്ങളെയും ഷോ അനുസ്മരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more