ന്യൂദല്‍ഹി: അസഹിഷ്ണുതയ്‌ക്കെതിരെ ആമിര്‍ഖാന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍. തങ്ങളുടെ അംബാസഡര്‍ ആമിര്‍ഖാന്‍ ആണെന്നരിക്കെ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ പേരില്‍ ഉപഭോക്താക്കള്‍ കൈവിടുമെന്ന ഭയന്നാണ് നിലപാടറിയിച്ച് കൊണ്ട് സ്‌നാപ്ഡീല്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ആമിറിന്റെ പ്രസ്താവനയുമായി യാതൊരു ബന്ധവും കമ്പനിക്കില്ലെന്നും അവ തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും സ്‌നാപ് ഡീല്‍ പത്ര പ്രസ്താവനയിലൂടെ പറഞ്ഞു. രാജ്യത്തെ യുവസംരഭകര്‍ ചേര്‍ന്ന് നടത്തുന്ന കമ്പനി ഡിജിറ്റല്‍ ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിദിനം ആയിരക്കണക്കിന് ചെറുകിട സംരഭകരെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ആമിര്‍ ഖാന്റെ പ്രസ്താവനയെ തുടര്‍ന്ന് ഓണ്‍ലൈനില്‍ സ്‌നാപ്ഡീലിന് നേരെ പ്രചരണങ്ങള്‍ നടന്നിരുന്നു. “നോഡീല്‍ വിത്ത് സ്‌നാപ് ഡീല്‍” എന്ന ഹാഷ് ടാഗിലായിരുന്നു ട്വിറ്ററിലെ പ്രചരണം. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്‌നാപ് ഡീല്‍ ആപ് മൊബൈലില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഹ്വാനം നടത്തിയിരുന്നു.