| Tuesday, 13th January 2015, 11:35 am

വ്യാജ അഭിമുഖം: പാക് വെബ്‌സൈറ്റിനെതിരെ ആമിര്‍ ഖാന്‍ നിയമനടപടിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ചതിന് ആമിര്‍ ഖാന്‍ പാകിസ്ഥാനി വെബ്‌സൈറ്റിനു ലീഗല്‍ നോട്ടീസ് അയച്ചു. പുതിയ ചിത്രം “പി.കെ”യുടെ പശ്ചാത്തലത്തില്‍ മതപരമായ വിഷയങ്ങളിലൂന്നിയുള്ള അഭിമുഖത്തിനെതിരെയാണ് ആമിര്‍ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്.

ഡി.എസ്.കെ ലീഗലിന്റെ മാനേജിങ് പാട്‌നറായ ആനന്ദ് ദേശായിയാണ് ആമിറിനു വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചത്. അഭിമുഖത്തില്‍ ആമിറിനെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് ആനന്ദ് ദേശായി പറഞ്ഞു.

“തന്റേതെന്ന നിലയില്‍ “പി.കെ”യുമായി ബന്ധപ്പെട്ടു നിരവധി പാകിസ്ഥാനി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന അഭിമുഖം കണ്ട് ആമിര്‍ ഞെട്ടി. അത്തരമൊരു അഭിമുഖം അദ്ദേഹം നല്‍കിയിട്ടില്ല. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനായി ആരോ മനപൂര്‍വ്വം ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. വെബ്‌സൈറ്റിനു വായനക്കാരെ വര്‍ധിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. അത് എന്റെ കക്ഷിയ്ക്കു മാനഹാനിയുണ്ടാക്കുന്നതാണ്.” ദേശായി പറഞ്ഞു.

ആമിര്‍ ഖാനുവേണ്ടി വെബ്‌സൈറ്റിനു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ ആമിര്‍ ഖാന്‍ സൈബര്‍ സെല്ലിലും മുംബൈ പോലീസിലും ക്രിമിനല്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ആമിര്‍ ഖാന്‍ ഉത്തരം നല്‍കിയ അഞ്ച് ചോദ്യങ്ങള്‍ എന്ന തലക്കെട്ടോടെ ജനുവരി ഏഴിനാണ് pakistankibaatein.com എന്ന വെബ്‌സൈറ്റില്‍ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നത്. ഹിന്ദു ദൈവങ്ങളെ കുറിച്ചും മുസ്‌ലിം മതവിശ്വാസത്തെ കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more