|

മഹാഭാരതം സിനിമയാക്കണമെന്നത് എന്റെ സ്വപ്നം: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

മഹാഭാരതം സിനിമയാക്കണം എന്നത് തന്റെ സ്വപ്നമാണെന്ന് ആമിര്‍ ഖാന്‍ പറയുന്നു. തന്നെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് കുട്ടികളുടെ കണ്ടന്റ് ആണെന്നും എന്നാല്‍ ഇന്ത്യയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കണ്ടന്റുകള്‍ ഉണ്ടാക്കുന്നത് കുറവാണെന്നും ആമിര്‍ ഖാന്‍ പറയുന്നു.

വിദേശത്തുള്ള കണ്ടന്റുകള്‍ ഡബ്ബ് ചെയ്ത് ഇന്ത്യയില്‍ ഇറക്കുന്നതാണ് സാധാരണ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ബി.പി നെറ്റ്വര്‍ക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ 2025ല്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.

‘മഹാഭാരതം സിനിമയാക്കണം എന്നത് എന്റെ സ്വപ്നമാണ്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എനിക്കതില്‍ ഒരു റോള്‍ ഉണ്ടാകുമോ എന്നെല്ലാം നമുക്ക് നോക്കാം.

എന്നെ ഏറ്റവും കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് കുട്ടികളുടെ കണ്ടന്റാണ്. ഇന്ത്യയില്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാകുന്ന കണ്ടന്റുകള്‍ വളരെ കുറവാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സാധാരണ നമ്മള്‍ ചെയ്യുന്നത് വിദേശത്ത് നിന്നുള്ള കുട്ടികളുടെ കണ്ടന്റുകള്‍ ഡബ് ചെയ്ത് ഇവിടെ റിലീസ് ചെയ്യുകയാണ് ചെയ്യുന്നത്. എനിക്ക് കുട്ടികളെ കുറിച്ചുള്ള കഥകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു സമയത്ത് ഒരു സിനിമ മാത്രം ചെയ്യാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. എന്നാല്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്.

അടുത്ത മാസം എനിക്ക് 60 വയസാകും. അതുകൊണ്ടുതന്നെ അടുത്ത ഒരു പത്ത്- പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ജോലികള്‍ ചെയ്യണമെന്നും കൂടുതല്‍ ആളുകള്‍ക്ക് അവസരം കൊടുക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്,’ ആമിര്‍ ഖാന്‍ പറയുന്നു.

Content highlight: Aamir Khan says it is his dream to make Mahabharat

Video Stories