| Wednesday, 17th July 2024, 9:10 pm

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഡിസംബര്‍ റിലീസുമായി ആമിര്‍ ഖാന്‍, ഭാഗ്യമാസം ഇത്തവണ താരത്തിനെ തുണക്കുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് ആമിര്‍ ഖാന്‍. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്ന് ആരാധകര്‍ വിളിക്കുന്ന താരം സിനിമ ചെയ്യുന്നതില്‍ വളരെ സെലക്ടീവാണ്. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ ശ്രദ്ധാപൂര്‍വമാണ് ഓരോ സിനിമയെയും ആമിര്‍ സമീപിക്കുന്നത്. വ്യത്യസ്തമായ രണ്ട് മേക്ക് ഓവറില്‍ ദങ്കല്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. ബോക്‌സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ദങ്കല്‍ കാഴ്ച വെച്ചത്.

എന്നാല്‍ ആമിറിന്റെ അവസാന രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 250 കോടി ബജറ്റിലെത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാല്‍ സിങ് ഛദ്ദയും ആമിറിന്റെ കൈ പൊള്ളിച്ചു. കൊവിഡിന് ശേഷം റീമേക്ക് ചിത്രങ്ങളോട് ബോളിവുഡ് പ്രേക്ഷകര്‍ കാണിച്ച വിമുഖതയാണ് ലാല്‍ സിങ് ഛദ്ദക്ക് തിരിച്ചടിയായത്.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മറ്റൊരു ആമിര്‍ ഖാന്‍ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. സിതാരേ സമീന്‍ പര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ഡിസംബറില്‍ റിലീസ് ചെയ്ത ആമിര്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയവയായിരുന്നു. ത്രീ ഇഡിയറ്റ്‌സ്, പി.കെ, ധൂം 3, ദങ്കല്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഡിസംബര്‍ റിലീസായെത്തിയ ആമിര്‍ ഖാന്‍ ചിത്രങ്ങള്‍.

എട്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ഡിസംബര്‍ റിലീസുമായി ആമിറെത്തുമ്പോള്‍ ഭാഗ്യമാസം താരത്തിനെ തുണക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഇത്തവണ താരമെത്തുന്നത് മറ്റൊരു റീമേക്ക് ചിത്രവുമായിട്ടാണ്. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ റീമേക്കാണ് സിതാരേ സമീന്‍ പര്‍. തമിഴ് സംവിധായകന്‍ ആര്‍.എസ്. പ്രസന്നയാണ് സിതാരേ സമീന്‍ പര്‍ സംവിധാനം ചെയ്യുന്നത്.

ആമിര്‍ ഖാനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ജെനിലീയ ദേശ്മുഖാണ് ചിത്രത്തിലെ നായിക. താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടം മനം കവര്‍ന്ന ദര്‍ശീല്‍ സഫാരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റ ടീസറും ട്രെയ്‌ലറും വരും മാസങ്ങളില്‍ പുറത്തുവിടുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Aamir Khan’s Sitaare Zameen Par confirmed release date

We use cookies to give you the best possible experience. Learn more