ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ വീണ്ടും ആരോപണങ്ങളുമായി സഹോദരനും സംവിധായകനുമായ ഫൈസല്‍ ഖാന്‍.
നേരത്തെ ഫൈസല്‍ ഖാന്‍ ഷീസോഫ്രീനിയ ബാധിതനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് തന്നെ ആമിറും ഫൈസലും തമ്മിലുള്ള സഹോദര ബന്ധം വഷളാകുന്നതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ ആമിര്‍ ഖാനെതിരെ ഫൈസല്‍ ഖാന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ സീസണിലേക്ക് ക്ഷണിക്കപ്പെട്ടതിനെ കുറിച്ചും എന്നാല്‍ അവസരം നിരസിച്ചതിനെ കുറിച്ചും സംസാരിക്കുകയായിരുന്നു ഫൈസല്‍.
ബിഗ് ബോസില്‍ പങ്കെടുക്കുന്നത് കൂട്ടിലടയ്ക്കപ്പെടുന്നതിന് തുല്യമാണെന്നും താന്‍ നേരത്തെ ഒരിക്കല്‍ ആമിറിന്റെ വീട്ടില്‍ കൂട്ടിലടക്കപ്പെട്ടിട്ടുണ്ടെന്നും ഇനിയും സ്വാതന്ത്ര്യം നിഷേധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഫൈസല്‍ പറഞ്ഞത്.
നേരത്തെ 2008ല്‍ ആമിര്‍ ഖാന്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെന്നും ഫൈസല്‍ ആരോപിച്ചിരുന്നു.
”സത്യം പറഞ്ഞാല്‍, എനിക്കൊരിക്കലും അസുഖമുണ്ടായിരുന്നില്ല. ഇതുവരെ ആളുകള്‍ പറഞ്ഞത് ഊഹാപോഹങ്ങളും എന്റെ ജ്യേഷ്ഠന്‍ ആമിര്‍ ഖാനും മറ്റ് കുടുംബാംഗങ്ങളും പ്രചരിപ്പിച്ചതുമാണ്.
സത്യത്തില്‍, എന്നെ തട്ടിക്കൊണ്ടുപോയതാണ്, ഞാന്‍ വീട്ടുതടങ്കലിലായിരുന്നു. അനാവശ്യമായി എനിക്ക് മയക്കുമരുന്ന് തന്നു.
എനിക്ക് ഒരു അസുഖവുമില്ലെന്നും ഞാന്‍ സാധാരണക്കാരനാണെന്നും സ്വന്തമായി ജീവിതം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണെന്നും വിധി ദിവസം ജഡ്ജി പ്രഖ്യാപിച്ചിരുന്നു. എന്നെ ഒരു സാധാരണ മനുഷ്യനായി പരിഗണിക്കണം,” എന്നായിരുന്നു അന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഫൈസല്‍ ഖാന്‍ പറഞ്ഞത്.
എന്നാല്‍ സപ്പോള്‍ ആമിര്‍ ഖാനുമായി സൗഹാര്‍ദപരമായ ബന്ധത്തിലാണെന്നും കുടുംബ വീട്ടിലാണ് താന്‍ താമസിക്കുന്നതെന്നും ഫൈസല്‍ വ്യക്തമാക്കി.
”തീര്‍ച്ചയായും, പല അവസരങ്ങളിലും ഞങ്ങള്‍ പരസ്പരം കാണുകയും വിഷ് ചെയ്യുകയും ചെയ്യുന്നു. പക്ഷേ, അവന്‍ ജീവിതത്തില്‍ വളരെ തിരക്കിലാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിങ് ചദ്ദക്കെതിരെയും ഫൈസല്‍ ഖാന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിങ് ചദ്ദ ചില ഭാഗങ്ങളില്‍ മാത്രമേ വര്‍ക്കൗട്ട് ആയുള്ളുവെന്നും ഇതൊരു വൗ ചിത്രമല്ലെന്നും നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ആമിറിന് കുറച്ചുകൂടി നല്ല സിനിമ തെരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഫൈസല്‍ പ്രതികരിച്ചത്.
വമ്പന്‍ ഹൈപ്പിലെത്തിയ ലാല്‍ സിങ് ചദ്ദ തിയേറ്ററില്‍ പരാജയമായിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ബോയ്‌കോട്ട് ക്യാമ്പെയിനുകളും നടന്നിരുന്നു.
ഫാക്ടറി (Faactory) എന്ന സിനിമയിലൂടെയായിരുന്നു ഫൈസല്‍ ഖാന്‍ സംവിധാനരംഗത്തേക്ക് കടന്നത്.
Content Highlight: Aamir Khan’s brother Faisal Khan says he was caged at family home and don’t want to repeat it in Bigg Boss