| Friday, 31st August 2012, 9:40 am

അമീര്‍ ഖാന്‍ ടൈം മാസികയുടെ കവര്‍പേജില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം അമീര്‍ ഖാന്‍ പ്രശസ്ത ഇംഗ്ലീഷ് മാസികയായ ടൈം മാഗസിന്റെ മുഖച്ചിത്രത്തില്‍. ടൈം മാസികയുടെ മുഖചിത്രമാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ നടനാണ് അമീര്‍. []

അമീര്‍ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടിയുടെ വിജയമാണ് ടൈം മാഗസിന്റെ ശ്രദ്ധപിടിച്ച് പറ്റാന്‍ കാരണം. സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാക്കിയ സത്യമേവ ജയതേ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പെണ്‍ഭ്രൂണഹത്യയെന്ന വിഷയം സത്യമേവ ജയതേ കൈകാര്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പെണ്‍ഭ്രൂണഹത്യ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ അതിവേഗ കോടതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. മരുന്ന് വിലക്കയറ്റം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമീര്‍ പാര്‍ലമെന്റിലേക്ക് ക്ഷണിക്കപ്പെട്ടതും സത്യമേവ ജയതേയുടെ വിജയമായിരുന്നു.

തോട്ടിപ്പണിയെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി അമീര്‍ ഖാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബോളിവുഡ് താരങ്ങളില്‍ ഐശ്വര്യാ റായി ബച്ചന്‍, പര്‍വീണ്‍ ബാബി എന്നിവരായിരുന്നു ടൈമിലെ മുഖച്ചിത്രത്തില്‍ മുമ്പ് ഇടം നേടിയവര്‍. 1976 ജൂലൈയിലാണ് പര്‍വീണ്‍ ബേബിയുടെ ചിത്രം മാസികയുടെ കവര്‍പേജില്‍ വന്നത്. 2003ലാണ് ഐശ്വര്യയുടെ ചിത്രം ടൈം കവര്‍പേജില്‍ വന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സാനിയ മിര്‍സ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയവരുടെ ചിത്രങ്ങളും ടൈം കവര്‍പേജില്‍ വന്നിരുന്നു.

We use cookies to give you the best possible experience. Learn more