| Friday, 5th February 2016, 7:39 pm

അസഹിഷ്ണുത പരാമര്‍ശം: ആമിര്‍ഖാനുമായുള്ള കരാര്‍ സ്‌നാപ്ഡീല്‍ അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ ആമിര്‍ഖാനുമായുള്ള കരാര്‍ ഓണ്‍ലൈന്‍ വ്യപാര കമ്പനിയായ സ്‌നാപ്ഡീല്‍ അവസാനിപ്പിച്ചു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്നുണ്ടെന്ന ആമിറിന്റെ പ്രസ്താവന കാരണം കമ്പനിയുടെ വില്‍പനയെ സാരമായി ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരവുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചത്. ജനുവരി 31നാണ് നിലവിലെ കരാര്‍ അവസാനിച്ചത്.

ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നാണ് ആമിറും സ്‌നാപ്ഡീല്‍ അധികൃതരും പ്രതികരിച്ചത്. വിവാദത്തിന് ശേഷം ശേഷം സ്‌നാപ്ഡീല്‍ ആമീറുള്ള പരസ്യങ്ങള്‍ സ്‌നാപ്ഡീല്‍ പിന്‍വലിച്ചിരുന്നു. അതേ സമയം ആമിറിന് പകരം പുതിയ സെലിബ്രിറ്റിയെ അംബാസഡറായി കമ്പനി നിയോഗിക്കില്ലെന്നാണ് സൂചന.

നവംബറിലായിരുന്നു രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ആമിര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍ അദ്ദേഹത്തിനെതിരെ ഓണ്‍ലൈന്‍ ആക്രമണം നടത്തിയ കൂട്ടത്തില്‍ സ്‌നാപ്ഡീലിനെതിരെയും തിരിഞ്ഞിരുന്നു. “നോഡീല്‍ വിത്ത് സ്‌നാപ് ഡീല്‍” എന്ന ഹാഷ് ടാഗിലായിരുന്നു ട്വിറ്ററിലെ പ്രചരണം. സ്‌നാപ് ഡീല്‍ ആപ് മൊബൈലില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍  ചെയ്യാനും സംഘപരിവാര്‍ ശക്തികള്‍ ആഹ്വാനം നടത്തിയിരുന്നു.

കനത്ത അസഹിഷ്ണുതയാണ് തുടര്‍ന്നങ്ങോട്ട് ആമിറിന് നേരിടേണ്ടി വന്നത്. “ഇന്‍ക്രഡിബിള്‍ ഇന്ത്യ” അംബാസഡര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റി. പകരം അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയുമാണ് പുതിയ അംബാസഡര്‍മാരായി കേന്ദ്രം നിയമിച്ചത്. ഇതിനെല്ലാം പുറമെ ആമിറിന്റെ സുരക്ഷയും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

We use cookies to give you the best possible experience. Learn more