| Monday, 18th November 2024, 2:39 pm

അത്രയും ക്ലാസ് ആയിട്ടുള്ള സിനിമയെ കൊമേഴ്‌സ്യലാക്കാന്‍ നോക്കിയതുകൊണ്ടാണ് ആ റീമേക്ക് ചിത്രം പരാജയപ്പെട്ടത്: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആമിറിന്റെ ഒരൊറ്റ ചിത്രം പോലും ബോക്‌സ് ഓഫീസില്‍ ഹിറ്റായിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെ പോയത് വലിയ വാര്‍ത്തയായിരുന്നു. ടോം ഹാങ്ക്‌സ് നായകനായ ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംബിന്റെ റീമേക്കായിരുന്നു ലാല്‍ സിങ് ഛദ്ദ.

ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍.ഫോറസ്റ്റ് ഗംബ് ക്ലാസ് ആയിട്ടുള്ള സിനിമയായിരുന്നെന്നും എന്നാല്‍ ലാല്‍ സിങ് ഛദ്ദയില്‍ ആ കഥയിലേക്ക് കുറച്ച് കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

ഒറിജിനലില്‍ നായിക മരിച്ചതിന് ശേഷവും കഥ മുന്നോട്ടുപോകുന്നുണ്ടെന്നും അത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സ്വീകരിച്ചെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ ഹിന്ദിയിലേക്ക് വന്നപ്പോള്‍ നായകനും നായികയും തമ്മിലുള്ള റൊമാന്‍സിന് പ്രാധാന്യം കൊടുത്തെന്നും കൊമേഴ്‌സ്യല്‍ വാല്യുവിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ആമിര്‍ പറഞ്ഞു.

അങ്ങനെയൊരു സാഹചര്യത്തില്‍ നായിക മരിച്ചതിന് ശേഷം ചിത്രവുമായി പ്രേക്ഷകര്‍ക്കുള്ള കണക്ഷന്‍ അവസാനിച്ചെന്നും അതിന് ശേഷമുള്ള സീമുകള്‍ കാണാന്‍ അവര്‍ക്ക് താത്പര്യമില്ലായിരുന്നെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡിലേത് പോലെ ക്ലാസ് ആയിത്തന്നെ ആ സിനിമ റീമേക്ക് ചെയ്തിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.

‘ലാല്‍ സിങ് ഛദ്ദ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം ആ സിനിമയെ ഞാന്‍ അപ്പ്രോച്ച് ചെയ്ത രീതി കാരണമാണ്. അതായത്, പക്കാ ക്ലാസ് ആയിട്ടുള്ള സിനിമയാണ് ഫോറസ്റ്റ് ഗംബ്. അത് കൊമേഴ്‌സ്യല്‍ രീതിയിലും ക്രിട്ടിക്‌സിന്റെ ഇടയിലും ശ്രദ്ധിക്കപ്പെട്ടു. എട്ട് ഓസ്‌കര്‍ അവാര്‍ഡ് ആ സിനിമ നേടി. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതിന്റെ കൊമേഴ്‌സ്യല്‍ ആസ്‌പെക്ടുകള്‍ മാത്രമേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ. നായകനും നായികയും തമ്മിലുള്ള റൊമാന്‍സ് മാത്രമാണ് ഇവിടത്തെ പ്രേക്ഷകരിലേക്കെത്തിയത്.

നായിക മരിച്ചതിന് ശേഷം ഓഡിയന്‍സിന് സിനിമയുമായുള്ള കണക്ഷന്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഒറിജിനലില്‍ അവര്‍ തമ്മിലുള്ള റൊമാന്‍സ് സിനിമയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. നായിക മരിച്ചതിന് ശേഷവും സിനിമ മുന്നോട്ടുപോകുന്നുണ്ട്. അതുകൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ സ്വീകരിച്ചു. ഹോളിവുഡിലേത് പോലെ ക്ലാസ് ആയിത്തന്നെ റീമേക്ക് ചെയ്തിരുന്നെങ്കില്‍ ആ സിനിമ ഹിറ്റായേനെ. ഇവിടെ നായിക മരിച്ചതിന് ശേഷം ഓഡിയന്‍സിന് സിനിമയുമായുള്ള കണക്ഷന്‍ നഷ്ടപ്പെട്ടു,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan explains why Laal Singh Chaddha failed in box office

We use cookies to give you the best possible experience. Learn more