ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തുന്നതിനിടെ മോദി സര്‍ക്കാറിനെ ട്രോളി കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യു.പി.എ കാലത്തെ പെട്രോള്‍ വിലയോടും പ്രായമായി കുടവയറുമായി നില്‍ക്കുന്ന ആമിറിന്റെ ചിത്രം എന്‍ഡിഎ കാലത്തെ പെട്രോള്‍ വിലയോടും ഉപമിച്ചുള്ള ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് മോദി സര്‍ക്കാറിനെ ദിവ്യ പരിഹസിച്ചത്.
ബോളിവുഡ് സിനിമ ദംഗലിലെ ആമിര്‍ ഖാന്റെ ചിത്രങ്ങളാണു യുപിഎ, എന്‍ഡിഎ കാലത്തെ ഇന്ധനവില താരതമ്യം ചെയ്തു കൊണ്ടു ദിവ്യ പങ്കുവെച്ചത്. മോദി സര്‍ക്കാര്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നുമുള്ള ട്വീറ്റില്‍ മോദി സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഇന്ധന വിലവര്‍ധനവിനെതിരെ നടത്തിയ സമരങ്ങളുടെ ചിത്രങ്ങളും ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കുത്തിപ്പൊക്കിയും മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നവരുമുണ്ട്.
അതേസമയം രാജ്യത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സമയമായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. മോദി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ വൈരം മറന്ന് യോജിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിന് ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും കര്‍ഷകരുടേയും യുവാക്കളുടേയും നിലവിളികള്‍ ഉയരുകയാണ്. അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം പ്രകടമാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.