മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ റേസില്‍ നിന്ന് പുറത്തായി. 97ാമത് ഓസ്‌കര്‍ ചടങ്ങില്‍ 10 വിഭാഗങ്ങളിലായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സിനിമകളുടെ ലിസ്റ്റ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപിച്ചിരുന്നു.
മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. 2024 സെപ്റ്റംബറില്‍ 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഈ സിനിമ തെരഞ്ഞെടുത്തിരുന്നു.
കിരണ്‍ റാവു സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ലാപതാ ലേഡീസ് 2024 മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.
ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. നര്‍മത്തില്‍ പൊതിഞ്ഞ് ശക്തമായ രാഷ്ട്രീയവും ലാപതാ ലേഡീസ് പറയുന്നുണ്ട്. ചിത്രത്തിലെ നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായാ കദം എന്നിവരുടെ പ്രകടനങ്ങള്‍ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.
സംവിധായകന്‍ കിരണ്‍ റാവുവും നിര്‍മാതാവ് ആമിര്‍ ഖാനും അടങ്ങുന്ന ചിത്രത്തിന്റെ ടീം ഓസ്‌കര്‍ 2025ന്റെ പ്രചാരണം ആരംഭിച്ചിരുന്നു. നവംബര്‍ 12ന് ‘ലോസ്റ്റ് ലേഡീസ്’ എന്ന പേരില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. അടുത്തിടെ ലണ്ടനില്‍ ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Content Highlight: Aamir Khan and Kiran Rao’s Laapataa Ladies out of Oscars 2025 race