|

യാതൊരു മടിയുമില്ലാതെ ആളുകളോട് അഭിപ്രായം പറയാന്‍ എനിക്ക് ഇന്‍സ്പിറേഷനായത് ആ തമിഴ് സംവിധായകനാണ്: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് തോന്നുന്ന അഭിപ്രായം യാതൊരു ഫില്‍ട്ടറുമില്ലാതെ പറയാന്‍ പ്രചോദനമായ സംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. തമിഴ് സംവിധായകന്‍ എ.ആര്‍ മുരുകദോസിനെക്കുറിച്ചാണ് ആമിറിന്റെ പരാമര്‍ശം. കപില്‍ ശര്‍മ ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു സീനില്‍ നമ്മള്‍ എന്തെങ്കിലും സജഷന്‍ പറയുമ്പോള്‍ ഇഷ്ടമായില്ലെങ്കില്‍ മുന്നും പിന്നും നോക്കാതെ അത് ഇഷ്ടമായില്ലെന്ന് പറയുകയും, ആ സജഷന്‍ മികച്ചതായി തോന്നിയാല്‍ സൂപ്പര്‍ ഹിറ്റാണ് സാര്‍ എന്ന് പറയുകയും ചെയ്യുന്നയാളാണ് മുരുകദോസെന്നും ആമിര്‍ പറഞ്ഞു. മുരുകദാസിന്റെ ഈയൊരു സ്വഭാവം താന്‍ പിന്നീട് പിന്തുടരാറുണ്ടെന്നും താരം പറഞ്ഞു.

‘എ.ആര്‍. മുരുകദോസ് എന്നൊരു സംവിധായകനുണ്ട് തമിഴില്‍. ഗജിനി എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അയാളെ കാണാന്‍ ഒരു കോളേജ് പയ്യനെ പോലെയാണ്. ഉയരം കുറഞ്ഞ്, അധികം പ്രായം തോന്നിക്കാത്തയാളാണ് അയാള്‍. മുരുകദോസ് ഇരിക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. കൈ രണ്ടും കാലിന്റെ ഇടയില്‍ വെച്ചാണ് ഇരിക്കുക.

എനിക്ക് അയാളില്‍ ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വെച്ചാല്‍, നമ്മള്‍ ഇപ്പോള്‍ എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍, ഉദാഹരണത്തിന് ഒരു സീനില്‍ വാതിലിലൂടെ വരുന്നതിന് പകരം സ്റ്റെപ്പ് ഇറങ്ങി വരുന്നതുപോലെ ചെയ്താല്‍ എങ്ങനെയുണ്ടാവും എന്ന് ചോദിക്കുമ്പോള്‍ എടുത്തടിച്ചു കൊണ്ട് ‘വെരി ബാഡ് സാര്‍’ എന്ന് പറയും. ഒരു മടിയും തോന്നാതെയാണ് അയാള്‍ അത് പറയുക.

അതേ സമയം നമ്മുടെ സജഷന്‍ ഇഷ്ടപ്പെട്ടാല്‍ ‘സൂപ്പര്‍ ഹിറ്റ് സാര്‍’ എന്ന് പറയും. സംസാരത്തില്‍ യാതൊരു ഫില്‍ട്ടറും ഉണ്ടാകില്ല. നമ്മള്‍ എന്തങ്കിലും പറഞ്ഞാല്‍ വല്ലതും തോന്നുമോ എന്ന ചിന്തയൊന്നും അയാള്‍ക്കില്ല. ആ സ്വഭാവം എന്നെ വല്ലാതെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്,’ ആമിര്‍ പറഞ്ഞു.

Content Highlight: Aamir Khan about Tamil director A R Muragadoss