ബോളിവുഡ് ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്തുന്ന നടന്മാരാണ് ഷാരൂഖ്, സല്‍മാന്‍, ആമിര്‍ ഖാന്മാര്‍. സ്റ്റാര്‍ഡത്തിന്റെ കാര്യത്തില്‍ സല്‍മാനും സിനിമക്ക് വേണ്ടി നടത്തുന്ന ഡെഡിക്കേഷന്റെ കാര്യത്തില്‍ ആമിറും മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ജനപ്രീതിയില്‍ മറ്റുള്ളവരെക്കാള്‍ ബഹുദൂരം മുന്നിലാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് 2023ല്‍ റിലീസായ പത്താന്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ചിത്രത്തില്‍ ഷാരൂഖിനൊപ്പം സല്‍മാന്‍ ഖാനും അതിഥിവേഷത്തിലെത്തിയിരുന്നു.
യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തങ്ങള്‍ക്ക് ശേഷം ആ സ്ഥാനത്തേക്ക് ആര് വരുമെന്നായിരുന്നു രണ്ട് കഥാപാത്രങ്ങളും തമ്മില്‍ സംസാരിച്ചത്. എന്നാല്‍ അത് ഷാരൂഖിനും സല്‍മാനും ശേഷം ബോളിവുഡിനെ ആര് മുന്നോട്ട് കൊണ്ടുപോകുമെന്ന രീതിയില്‍ പലരും വ്യാഖ്യാനിച്ചു. ആ സീനിനെപ്പറ്റി സംസാരിക്കുകയാണ് ആമിര്‍ ഖാന്‍.
താന്‍ ആ ചിത്രം മുഴുവനായി കണ്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച കണ്ട ശേഷം ആ സീന്‍ മാത്രമായി കണ്ടുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. വളരെ രസകരമായ ഡയലോഗായിരുന്നു അതെന്നും താന്‍ അത് കണ്ട് ഒരുപാട് ചിരിച്ചുവെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ഷാരൂഖിനും സല്‍മാനും പകരക്കാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും എന്നാല്‍ അവര്‍ പത്താനില്‍ പറയുന്ന ഡയലോഗ് കേട്ട് ഇപ്പോഴത്തെ യുവനടന്മാര്‍ അസ്വസ്ഥരാകാന്‍ സാധ്യതയുണ്ടെന്നും ആമിര്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.
‘സത്യം പറഞ്ഞാല്‍ പത്താന്‍ എന്ന സിനിമ ഞാന്‍ മുഴുവനായി ഇതുവരെ കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ കണ്ടിട്ട് ആ ഒരു സീന്‍ മാത്രം തെരഞ്ഞുപിടിച്ച് കണ്ടു. സിനിമയില്‍ പത്താനും ടൈഗറും തമ്മിലുള്ള സംഭാഷണമായിട്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. പക്ഷേ അത് കാണുമ്പോള്‍ ഷാരൂഖും സല്‍മാനും തമ്മിലുള്ള വര്‍ത്തമാനമായിട്ടേ തോന്നുള്ളൂ.
അവര്‍ രണ്ടുപേരുടെയും കാലത്തിന് ശേഷം ഇന്‍ഡസ്ട്രിയെ ആര് മുന്നോട്ട് കൊണ്ടുപോകുമെന്നത് വലിയൊരു ചോദ്യമാണ്. തങ്ങള്‍ പിന്മാറാതിരിക്കുന്നതാണ് നല്ലത് എന്ന ഡയലോഗ് ഇപ്പോഴുള്ള യുവനടന്മാരെ ചെറുതായിട്ടെങ്കിലും അസ്വസ്ഥരാക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അവര്‍ ഫണ്‍ മൂഡിലാണ് ആ ഡയലോഗ് പ്രസന്റ് ചെയ്തിരിക്കുന്നത്,’ ആമിര്‍ ഖാന്‍ പറയുന്നു.
Content Highlight: Aamir Khan about Shah Rukh and Salman Khan’s dialogue in Pathaan movie