| Friday, 9th February 2018, 7:10 pm

കൃഷ്ണപ്രിയയെന്ന കമലസുരയ്യ; അഥവാ കമലയുടെ ജീവിതത്തെ കമല്‍ കണ്ടവിധം

ശ്രീജിത്ത് ദിവാകരന്‍

ചിത്രം: ആമി
സംവിധാനം: കമല്‍
തിരക്കഥ: കമല്‍
ഛായാഗ്രഹണം: മധൂ നീലകണ്ഠന്‍
നിര്‍മ്മാണം: റാഫേല്‍ തോമസ്


യങ് കാള്‍മാര്‍ക്സ് എന്ന കഴിഞ്ഞ വര്‍ഷത്തെ സിനിമയെ കുറിച്ച് ആരോ എഴുതിയതിന്റെ അടിയില്‍ മോഹന്‍ദാസ് മാഷാണെന്ന് (സി.ബി.മോഹന്‍ദാസ്) തോന്നുന്നു, “യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു, ബയോപികുകളുടെ ഭൂതം” എന്ന തമാശ എഴുതിക്കണ്ടു. ലോകത്താകമാനം പോപുലര്‍ സിനിമകളില്‍ സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത് ബയോപികുകളാണ്. യൂറോപ്യന്‍ സിനിമയിലേയും ഹോളിവുഡിലേയും ഈ ട്രെന്‍ഡ് ബോളിവുഡിലൊക്കെ അത് വിജയകരമായി എത്തിയിട്ടും, മലയാളത്തില്‍ അത് അത്ര സജീവമായിട്ടില്ല. വരും കാലത്ത് ആകുമായിരിക്കും. മലയാളത്തിന്റെ ആദ്യ ചിത്ര നിര്‍മ്മാതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതകഥ പറയുന്ന, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രമാണ് മലയാളത്തിലെ ഒരു പ്രമുഖ ബയോപിക് ചിത്രം. മറ്റ് പലവരും ഉണ്ട്. പക്ഷേ, അത് ചില ജീവിതങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ഫിക്ഷനുകളാണ്.

ഒരു പക്ഷേ കഴിഞ്ഞ ഒരുകാലത്ത്, ഏറ്റവും ആരാധകരുള്ള മലയാളി എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. കമലാദാസ് എന്ന പേരില്‍ അവര്‍ എഴുതിയിരുന്ന ഇംഗ്ലീഷ് കവിതകളാകട്ടെ ലോകപ്രശസ്തമായി. ഇന്ത്യയില്‍ നിന്ന് നോബല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു കമലദാസിന്റെ കവിതകള്‍. എന്റെ കഥ എന്ന അവരുടെ നോവല്‍ ആത്മകഥയായി വായിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദങ്ങള്‍ തേടിവന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചും സാമൂഹ്യവിഷയങ്ങളെ കുറിച്ച് തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞും ഇന്ത്യയിലെ പല നഗരങ്ങളില്‍ നിന്ന് മാധവിക്കുട്ടി മലയാളിയുടെ നിത്യജീവിതത്തില്‍ നിറഞ്ഞു നിന്നു. ഒടുവില്‍ തന്റെ സവിശേഷവും നിസ്തുലവുമായ ജീവിതത്തിലെ ഏറ്റവും സിനിമാറ്റികും കാവ്യാത്മകവുമായ ക്ലൈമാക്സില്‍ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് മതം മാറി. മതം മാറിയെന്നല്ല ഫ്യൂഡല്‍ നായര്‍ സ്വത്വത്തില്‍ നിന്ന് മുസ്ലീം മതം സ്വീകരിച്ച്, പര്‍ദ്ദയും നിസ്‌കാരവുമായി കമല സുരയ്യ പുലര്‍കാല നക്ഷത്രത്തെ പോലെ ലോകത്തെ നോക്കി ചിരിച്ചു. വസ്ത്രം മാറ്റി ധരിക്കുന്ന സ്വാഭാവികതയേ ഈ മതം മാറ്റത്തിനുള്ളു എന്നവര്‍ പറഞ്ഞു.

ആ ജീവിതം സിനിമയാക്കുക എന്ന സാഹസത്തിനാണ് കമല്‍ പുറപ്പെട്ടത്. ചിത്രത്തില്‍ ആദ്യം അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വിദ്യാബാലന്‍ -മുസ്ലീമായി മതം മാറിയ സ്ത്രീയായി അഭിനയിക്കരുത് എന്ന ഹൈന്ദവ തീവ്രവാദികളുടെ ശാസന കേട്ടിട്ടാണെന്ന് പറയുന്നു-സിനിമയില്‍ നിന്ന് പിന്മാറിയതായിരുന്നു. പിന്നീട് വിദ്യാബാലന്‍ അഭിനയിക്കാതിരുന്നത് നന്നായി, വിദ്യാബാലന്‍ വന്നിരുന്നുവെങ്കില്‍ ലൈംഗികവിവക്ഷയിലായിപ്പോയേനെ കാണികളുടെ ഊന്നലെന്നോ മറ്റോ തരത്തില്‍ കമലിന്റെ ഒരു പ്രസ്താവന കൂടി വന്നതോടെ ആമി വാര്‍ത്തകളില്‍ ധാരളമായി ഇടംപിടിച്ചു.

സ്പോയ്ലര്‍ അലേര്‍ട്ട് ആദ്യം ഇട്ടിട്ടുണ്ടെങ്കിലും സിനിമകാണാന്‍ പോകുന്ന ആര്‍ക്കും അറിയാത്തതാവില്ല ഇതിലെ കഥ. അത് മാധവിക്കുട്ടി അഥവാ കമലാദാസ് അഥവാ കമല സുരയ്യയുടെ ജീവിതമാണ്. “വളരെയേറെ തവിട്ട് നിറക്കാരിയായ, മൂന്ന് ഭാഷകള്‍ പറയാന്‍ അറിയാവുന്ന, രണ്ട് ഭാഷയില്‍ എഴുതാന്‍ അറിയാവുന്ന, ഒരേയൊരു ഭാഷയില്‍ സ്വപ്നം കാണാന്‍ അറിയാവുന്ന കമലയുടെ ജീവിതം.”

***
എങ്ങനെയോ അടഞ്ഞ മുറിയില്‍ പെട്ട് പറക്കുന്നതിനിടയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനില്‍ പതിച്ച് ചോരതെറിച്ച് മരിച്ചു വീഴുന്ന കുരുവിയെ കുറിച്ച് മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. അത് പക്ഷേ വിഷ്വലൈസ് ചെയ്യുമ്പോള്‍ അതിന്റെ അനുഭവം നഷ്ടപ്പെട്ട് നിര്‍ജ്ജിവമായ ഒരു കാഴ്ചയായി. അതിന് പുറമേ അതീവ കൃത്രിമമായ ഭാഷാശൈലിയില്‍ ജീവിതത്തില്‍ നിന്ന് മുറിവേറ്റ് കിനിയുന്ന ചോരയില്‍ മുക്കി താന്‍ എഴുതുന്നുവെന്ന് കണ്ട കാഴ്ചയുടെ വിശദീകരണം വരുന്നു. അങ്ങനെയാണ് ആമി ആരംഭിക്കുന്നത്.

തുടര്‍ന്ന് മുംബൈയില്‍ അസുഖബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയില്‍ നിന്ന് പുന്നിയൂര്‍ക്കുളത്ത് നാലപ്പാട് തറവാട്ടില്‍ വെക്കേഷന് വന്ന വിഎം.നായരുടേയും ബാലമണിയുടെയും ഇളയമകളായ മാധവിക്കുട്ടിയുടെ ബാല്യകാലത്തേയ്ക്ക് കഥ പ്രവേശിക്കുന്നു (സുലോചന നാലപ്പാട് ജനിക്കുന്നത് ഇക്കാലത്തിന് ശേഷമാണ്). തെരണ്ട പെണ്ണുങ്ങളുടെ ദേഹത്തിന്റെ മണമാണ് നീര്‍മാതളത്തിനെന്ന മാധവിക്കുട്ടിയുടെ വരികള്‍ ആവര്‍ത്തിച്ച് ആ ജന്മിതറവാട്ടിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നു. നാലപ്പാട് നാരായണമേനോന്‍ എന്ന വലിയമ്മാവന്‍, അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വരുന്ന വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ചങ്ങമ്പുഴ എന്നിങ്ങനെയുള്ള സാഹിത്യലോകം, സ്വാതന്ത്ര്യസമരത്തില്‍ സ്വര്‍ണ്ണം നല്‍കിയ പുന്നിയൂര്‍ക്കുളത്തെ മഹത്വം, അവിടത്തെ പല തട്ടിലുള്ള ജോലിക്കാര്‍, ജാനുവമ്മ പറഞ്ഞ കഥയിലെ ജാനു, പുറംപണികള്‍ക്കായി അവര്‍ നിയമിച്ചിട്ടുള്ള വള്ളി എന്ന ദളിത് സ്ത്രീ.. പ്രത്യക്ഷമായി ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് അത് കുട്ടികളെ പഠിപ്പിക്കേണ്ട എന്ന് പറയുന്ന കാപട്യം..

ജന്മിത്വത്തില്‍ നിന്ന് മുതലാളിത്തത്തിലേയ്ക്കുള്ള ജമ്പ് കട്ടാണ് പുന്നിയൂര്‍ കുളത്ത് നിന്ന് കൊല്‍ക്കത്തയിലേയ്ക്ക്. ഇംഗ്ലീഷ് വിദ്യാഭ്യാസം, ടേബിള്‍ മാനേഴ്സ്, ചിത്രകലാപഠനം എന്നിങ്ങനെ മുന്നേറുന്ന കമലയുടെ മനസില്‍ പുന്നിയൂര്‍കുളത്തുനിന്ന് മുത്തശ്ശി പറഞ്ഞ കഥകളിലെ കൃഷ്ണന്‍ ചേക്കേറുന്നതാണ് ഒന്നാമത്തെ ടേണിങ് പോയന്റ്. അഥവാ മാധവിക്കുട്ടിയെന്ന ജീനിയസിന്റെ സര്‍ഗാത്മകതയുടെ അടിസ്ഥാനമായി സിനിമ കൃഷ്ണസങ്കല്പത്തെ പറഞ്ഞ് വയ്ക്കുന്നു. അവരുടെ രചനകളില്‍ നിന്ന് വായിക്കാവുന്നതാണെന്നാകും വ്യാഖ്യാനം.

ഫ്യൂഡലിസത്തിനും ക്യാപിറ്റലിസത്തിനും ഇടയില്‍ സര്‍വ്വസൗഭാഗ്യവും അനുഭവിച്ച് വളര്‍ന്ന ആമി എന്ന് വിളിക്കപ്പെടുന്ന മാധവിക്കുട്ടി എന്ന പെണ്‍കുട്ടിയോട് പുരോഗമനവും സ്വാതന്ത്രബോധവും അവകാശപ്പെട്ടിരുന്ന അവരുടെ കുടംബം ചെയ്യുന്നത് ക്രൂരതയാണ്. ടേബിള്‍ മാനേഴ്സ്, ഇംഗ്ലീഷ് പഠനം, ചിത്ര രചന എന്നിങ്ങനെ പരിഷ്‌കാര ജീവിതം ശീലിപ്പിച്ച പെണ്‍കുട്ടിയെ പതിനഞ്ച് വയസില്‍ 20 വയസിന് മൂത്ത ഒരാളുമായി വിവാഹം നടത്തിക്കുകയാണ് വീട്ടുകാര്‍. വീടുനോക്കുന്ന, കുട്ടികളെ പ്രസവിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭര്‍ത്താവിന് വേണ്ടത്. പുന്നിയൂര്‍ കുളത്തെ ഫ്യൂഡല്‍ ലോകത്ത് നിന്നും കൊല്‍ക്കത്തിയിലെ ജന്മിത്വ ലോകത്തു നിന്നും സ്വപ്നങ്ങളും കവിതയും കഥയും കംഫര്‍ട്ടം മാത്രം പരിചയുള്ള ഒരു പതിനഞ്ചു കാരി മുംബൈയില്‍ എത്തുമ്പോള്‍ എന്താവും സംഭവിക്കുക. മാധവദാസ് എന്ന മനുഷ്യന്റെ സങ്കീണ്ണമായ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കമലയുടെ ഭാവനകളും സങ്കല്പനങ്ങളും എഴുത്തുകളും നിറങ്ങളും കൂടിക്കലരുന്ന കാലമാണത്. ആ കാലവും ആ കാലത്തിനെ അതിജീവിക്കലും മുകള്‍തട്ടിലൂടെ ഒഴുകിപോകുന്നുണ്ട്. അതിന്റെ അടരുകളോ ചുഴികളോ ഒഴുക്കോ നിലയില്ലാക്കയങ്ങളോ സിനിമയിലില്ല.

മുംബൈയിലെ ഒരു കെട്ടിടത്തിന്റെ തുഞ്ചത്ത് ഒരു രാത്രി ഒരു മാത്ര പിഴച്ചാല്‍ നിലത്തുവീഴുന്ന പോലെ കമല നില്‍ക്കുന്ന കാഴ്ചയുണ്ട്. അത് മാത്രമല്ല, ഇന്റീരിയര്‍ ഡ്രാമകളില്‍ അധികമായി സംഭവിക്കുന്ന സിനിമയുടെ വിഷ്വല്‍സ് ഫോര്‍മേഷനില്‍ മധുനീലകണ്ഠന്‍ എന്ന സിനിമാട്ടോഗ്രാഫറുടെ സൂക്ഷ്മതയും തെളിച്ചവും ഉണ്ട്. ആമിയെ മുഴുവന്‍ കണ്ടിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനമാണത്. നീര്‍മാതളത്തെ സിനിമയുടെ സെന്‍ട്രല്‍ ഇമേജായി നിലനിര്‍ത്താനും വിഷ്വല്‍ പാറ്റേണുകള്‍ നിലനിര്‍ത്താനും സിനിമോട്ടാഗ്രഫി വഹിക്കുന്ന പങ്ക് അതി നിര്‍ണ്ണായകമാണ്. പക്ഷേ, മുഴച്ചുനില്‍ക്കുന്ന മേക്കപ്പിന്റെ വൈകല്യത്തെ മൂടാന്‍ മികച്ച സിനിമോട്ടോഗ്രാഫികൊണ്ടും കഴിയുന്നില്ല. അതുപോലെ തന്നെയാണ് ആള്‍ക്കൂട്ടങ്ങളും തെരുവുകളിലും പിരീഡ് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്താതെ പോകുന്നത്. വസ്ത്രങ്ങളുടെ ഫ്രഷ്നസ് കളയുക, ആര്‍ട്ട്മെറ്റീരിയല്‍സ്-നെ ഡള്‍ ചെയ്യുക തുടങ്ങിയുള്ള പ്രാഥമികമായ പാഠങ്ങള്‍ പോലും പൂര്‍ത്തിയാകാത്തപോലെ തോന്നും ദൃശ്യങ്ങള്‍ കണ്ടാല്‍. സെല്ലുലോയ്ഡിലും ഈ ന്യൂനത മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ഒരു വലിയ ജീവിതത്തെ രണ്ടരമണിക്കൂറില്‍ ഒതുക്കുന്നത് കഠിനമാണ്. എഴുത്തിലെ ഒരു വലിയ കാലം പെട്ടന്ന് കടന്ന് മാധവദാസിന്റെ റിട്ടയര്‍മെന്റിലേയ്ക്കും കമലയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിലേയ്ക്കും സിനിമപെട്ടെന്നെത്തും. പിന്നെ സ്വപ്നജീവിയായ കമല നേറ്റിവിറ്റിയുടെ, പച്ചപരമാര്‍ത്ഥിത്വത്തിന്റെ, സുന്ദരകാലത്തേയ്ക്ക് കടന്നു. അവിടെ നിന്ന് അവരുടെ അവസാന കാലത്തെ ടേണിങ് പോയന്റിലേയ്ക്കും. മാധവദാസും മോനുവും ബാലമണിയമ്മയും വി.എം.നായരും ജാനവും വള്ളിയുമൊക്കെ അവരായി തുടരുമ്പോള്‍ ഒരു ഫിക്ഷണല്‍ കഥാപാത്രം രംഗത്തെത്തുന്നു. തുടര്‍ന്ന് അതീവ കൃത്രിമത്വം നിറഞ്ഞ ഭാഷയില്‍ രണ്ടു പേര്‍ സംസാരിക്കും. പക്ഷേ, അത്ഭുതമല്ല, ആ ഫിക്ഷണല്‍ കഥാപാത്രത്തിന്റെ മൂല മാതൃക പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ഇത്രയും കാപട്യഭാഷയില്‍ ഒരാള്‍ക്ക് എങ്ങനെ സംസാരിക്കാനാവുമെന്ന് സംശയം തോന്നും.

സിനിമ ആത്യന്തികമായി അവസാനത്തെ പതിനഞ്ച് ഇരുപത് മിനുട്ടുകളുടെ കഥയ്ക്കായാണ് കാത്തിരിക്കുന്നത്. ഇത്രയും ദുരന്തമയമായിരുന്നുവോ മലയാളത്തിന്റെ മഹാകഥാകാരിയുടെ കവിതയെഴുത്തുകാരിയുടെ ജീവിതമെന്ന് നമുക്ക് തോന്നും. മുസ്‌ലിം മതത്തിലേയ്ക്ക്, വസ്ത്രം മാറുന്ന സ്വാഭാവികതയോടെ പ്രവേശിച്ചു എന്നായിരുന്നു കമല സുരയ്യ നമ്മോട് പറഞ്ഞത്, പക്ഷേ അതിലൊരു സ്വപ്നലോകത്തിലേയ്ക്കുള്ള ക്ഷണമുണ്ടായിരുന്നുവെന്നും ആ പ്രതീക്ഷയുടെ നൂല്‍ പാലത്തിലായിരുന്നു അവരുടെ മതംമാറ്റമെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു. മുസ്‌ലിമായി മാറുന്ന പഴയ നായര്‍ ഫ്യൂഡല്‍ തറവാട്ടുകാരിയുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് വട്ടമാണ്, സിനിമയനുസരിച്ച് മുസ്‌ലിം മതം പ്രവേശിക്കുന്നത്. ഒന്ന് ബാല്യകാലത്തെ ആദ്യ പ്രണയമോഹത്തിന്റെ രൂപത്തില്‍. അയാള്‍ വിഭജനകാലത്ത് കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേയക്ക് പോകുന്ന ആളാണ്. രണ്ടാമത് കവിതയും ആരാധനയും ഗസലും പ്രണയവുമായി എത്തുമ്പോഴും ഒരു പ്രശ്നത്തിന്റെ നടുവില്‍ കമലയെ തനിച്ച് വിട്ട് പോകുന്ന, രണ്ട് വിവാഹം കഴിച്ചതിന് ഖുര്‍ആന്‍ ആണയിട്ട് ന്യായീകരിക്കുന്ന, ആത്യന്തികമായി ചതിയനായ ഒരാളാണ്. മൂന്നാമത്തേത് മത പ്രതിനിധികളാണ്. ഇവരാകട്ടെ തങ്ങള്‍ക്ക് ലഭിച്ച ഒരു പ്രോപര്‍ട്ടിയായി സുരയ്യയെ കാണുന്ന, മതശാസനകളാല്‍ നിയന്ത്രിതമായി എഴുതിക്കോളണം എന്ന് അവരോട് ശഠിക്കുന്ന, മതമൗലികവാദത്തിന്റെ പ്രതിനിധികളായും.

അതേസമയം പതിനഞ്ചുവയസില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയ്ക്കുന്ന കുടംബത്തിന്റെ ഓര്‍മ്മകളും അവരുടെ ആത്മാക്കളുമാണ് കമലയ്ക്ക് അവസാന യാത്രക്ക് മുമ്പ് കാവലിരിക്കുന്നത്. പതിനഞ്ചുകാരിയെ “ശയനേശു വേശ്യ” എന്ന പ്രമാണത്തിലെത്തിക്കാന്‍ സെക്സ് വര്‍ക്കറെ കൊണ്ട് പരിശീലനം നടത്തുന്ന മാധവദാസ് തൃപ്ത ജീവിതത്തിനൊടുവിലാണ് മരിക്കുന്നത്. ഉവ്വ്, തീര്‍ച്ചയായും മതം മാറിയ കമലയെ അപമാനിക്കാനും ആക്രമിക്കാനും ഒരുങ്ങുന്ന സംഘപരിവാര്‍ ഹൈന്ദവ തീവ്രവാദത്തെ സിനിമ കാണിക്കുന്നുണ്ട്. പക്ഷേ അതിനെ ബാലന്‍സ് ചെയ്യുന്ന വിധത്തില്‍ മാറിയ മതത്തിന്റെ അര്‍ത്ഥ ശൂന്യത കമലസുരയ്യ അനുഭവിച്ചിരുന്നുവെന്ന ഒരു വ്യംഗ്യം കൊണ്ടുവരാനും സിനിമ അബോധതലത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. അപ്പോഴും അവര്‍ക്ക് കൂട്ടായി പഴയ കൃഷ്ണകാമുകനുണ്ടായിരുന്നുവെന്ന ക്ലീഷെയുടെ ഭാരവും അവിടെയുണ്ട്.

***
ഒരു സിനിമ അനുഭവം എന്ന നിലയില്‍ ത്രസിപ്പിക്കുന്ന ഒന്നും “ആമി”യിലില്ല. പക്ഷേ പിടിച്ചിരുത്തുന്ന മൊമെന്റസ് ഉണ്ട്. ഒറ്റ തവണയാണ് മുതിര്‍ന്ന കമല സാരിയല്ലാതെ ഒരു വേഷത്തില്‍ കാണുന്നത്. അത് കറുത്ത ഡ്രസ് ഇട്ട മാധവിക്കുട്ടിയുടെ അതി പ്രശസ്തമായ ഒരു ചിത്രത്തെ ഓര്‍മ്മിക്കുന്ന ഒരു മൊണ്ടാഷ് മൊമന്റിന് വേണ്ടിയാണ്. വിവാഹരാത്രിയുടെ അന്ന് ജനാലയിലൂടെ കഥകളി കാണുന്ന കമലയുടെ ദൃശ്യമുണ്ട്. അതീവ കുട്ടിത്തത്തോടെ ആ ദൃശ്യം കാണുന്ന പതിനഞ്ചുകാരിയുടെ മാരിറ്റല്‍ റേപ്പിന്റെ മുന്നോടിയായുളള മൊമെന്റ്‌സാണത്.

അത്തരം ചെറു നിമിഷങ്ങള്‍ അല്ലാതെ, ഒരു ജീവിതത്തിനൊപ്പം ഒരു കാലഘട്ടത്തെ സിനിമയിലെത്തിക്കാനുള്ള പാഴായ ശ്രമമാണിത്. മാധവിക്കുട്ടിയുടെ ജീവിതമാണിതെന്ന് സംവിധായന്‍ പറഞ്ഞാല്‍ നമുക്ക് സമ്മതിക്കുകയല്ലാതെ വയ്യ. പക്ഷേ, കൃഷ്ണപ്രണയത്തിന്റെ പൈങ്കിളി ജീവിതം മുഴുവന്‍ കൊണ്ടുനടന്നിരുന്ന, ജന്മിത്തവും മുതലാളിത്തവും സുരക്ഷിതമാക്കിയ ജീവിതമുള്ള, അക്കാല നായര്‍ ഫ്യൂഡലിസത്തിന്റെ ഗുണഫലങ്ങള്‍ക്കൊപ്പം ദുഷ്ഫലങ്ങള്‍ അനുഭവിച്ച, എല്ലായ്പോഴും സംരക്ഷണത്തിന് ആളുകളുണ്ടായിരുന്ന, ഒരു കാലഘട്ടത്തിന് ശേഷം സ്വന്തം ഭ്രമങ്ങളിലും കമ്പങ്ങള്‍ക്കുമനുസരിച്ച് തീരുമാനങ്ങളെടുത്തിരുന്ന, വലിയ ബുദ്ധിയൊന്നുമില്ലാത്ത ഒരു സെലിബ്രിറ്റി സ്ത്രീയുടെ ജീവിതമാണ് “ആമി”യില്‍ കണ്ടത്, അതു തന്നെ ഒട്ടും ആകര്‍ഷകമല്ലാതെ. അതായിരുന്നുവോ കമലസുരയ്യയുടെ ജീവിതം? സംശയമുണ്ട്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more