തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ആമിയും കാര്‍ബണും പരിഗണിക്കുന്ന കാര്യത്തില്‍ ചലച്ചിത്ര അക്കാദമിയില്‍ പ്രതിസന്ധി.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച വേണുവിന്റെ “കാര്‍ബണ്‍” എന്ന ചിത്രവും അവാര്‍ഡിനായി പരിഗണിക്കണമോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ചിത്രങ്ങള്‍ വ്യക്തിഗത പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കരുതെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ചാലും വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. മറ്റു അണിയറപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു നിയമതടസ്സമില്ല.
എന്നാല്‍ സിനിമ അവാര്‍ഡിന് സമര്‍പ്പിക്കുന്നത് നിര്‍മ്മാതാക്കളായത് കൊണ്ടുതന്നെ സംവിധായകനോ എഡിറ്റര്‍ക്കോ ഇതില്‍ അഭിപ്രായം പറയാനാവില്ല. അവാര്‍ഡിനു സമര്‍പ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനുമാവില്ല. നിര്‍മ്മാതാവിന് മാത്രമേ അത് പിന്‍വലിക്കാനാവൂ. അല്ലാത്ത പക്ഷം നിര്‍മ്മാതാവിന് കേസുമായി മുന്നോട്ട് പോകാം.
അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചാല്‍ അത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.
ഹരിഹരന്‍, അമോല്‍ പലേക്കര്‍, കെ.പി. കുമാരന്‍ തുടങ്ങിയവരെയാണു ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. 105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.