| Friday, 5th January 2024, 7:27 pm

പാകിസ്ഥാനില്‍ ഇത് അത്യപൂര്‍വമാണ്, 21ാം നൂറ്റാണ്ടില്‍ ഇത് ആദ്യം; ചരിത്രനേട്ടം കുറിച്ച് പാകിസ്ഥാന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആമിര്‍ ജമാല്‍ എന്ന താരത്തിന്റെ ഉദയത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പാകിസ്ഥാന്റെ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയും പന്തുകൊണ്ട് ആറ് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയാണ് താരം തിളങ്ങിയത്.

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിന് പുറത്താവുകയും ബാബര്‍ അസവും സൗദ് ഷക്കീലും അടക്കമുള്ളവര്‍ക്ക് സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒമ്പതാം നമ്പറില്‍ ഇറങ്ങിയാണ് ജമാല്‍ അര്‍ധ സെഞ്ച്വറി നേടിയത്.

97 പന്തില്‍ നിന്നും 82 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ജമാലിന് പുറമെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ആഘാ സല്‍മാനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ പാകിസ്ഥാന്‍ 313 റണ്‍സിലെത്തിയിരുന്നു.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ പന്തുകൊണ്ടും ജമാല്‍ വിരുതുകാട്ടിയിരുന്നു. 21.4 ഓവര്‍ പന്തെറിഞ്ഞ് വെറും 69 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് പാക് പേസര്‍ സ്വന്തമാക്കിയത്. താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ടാം ഫൈഫറാണിത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ജമാല്‍ ആദ്യ ഫൈഫര്‍ നേടിയത്.

സിഡ്‌നിയില്‍ ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയാണ് ജമാല്‍ മടക്കിയത്.

ഈ ഫൈഫറിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ആമിര്‍ ജമാലിനെ തേടിയെത്തിയിരുന്നു. ഒരു ടെസ്റ്റ് ഫോര്‍മാറ്റില്‍ അര്‍ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന രണ്ടാമത് പാക് പേസര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2000ല്‍ ശ്രീലങ്കക്കെതിരെ വഖാര്‍ യൂനിസാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 82 റണ്‍സിന്റെ ലീഡാണ് പാകിസ്ഥാന്റെ പക്കലുള്ളത്.

ഒന്നാം ഇന്നിങ്സില്‍ മുഹമ്മദ് റിസ്വാന്‍, ആമിര്‍ ജമാല്‍, ആഘാ സല്‍മാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ 313 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ആദ്യ ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി മാര്‍നസ് ലബുഷാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. എങ്കിലും 299 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്സില്‍ കങ്കാരുക്കള്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കൂട്ടത്തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 58ന് രണ്ട് എന്ന നിലയില്‍ നിന്നും 67ന് ഏഴ് എന്ന നിലയിലേക്ക് വളരെ വേഗമാണ് പാകിസ്ഥാന്‍ വീണത്.

നിലവില്‍ 68 റണ്‍സിന് ഏഴ് എന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. 18 പന്തില്‍ ആറ് റണ്‍സുമായി മുഹമ്മദ് റിസ്വാനും മൂന്ന് പന്തില്‍ റണ്ണൊന്നും നേടാതെ ആമിര്‍ ജമാലുമാണ് ക്രീസില്‍.

Content Highlight: Aamer Jamal’s brilliant all round performance against Australia

We use cookies to give you the best possible experience. Learn more