ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്ടോറിയസിന് തകര്‍പ്പന്‍ വിജയം. കുല്‍ന ടൈഗേഴ്‌സിനെ 34 റണ്‍സിനാണ് വിക്ടോറിയന്‍സ് പരാജയപ്പെടുത്തിയത്.
ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിക്ടോറിയന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കോമില്ല 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. വിക്ടോറിയന്‍സ് ബാറ്റിങ്ങില്‍ ലിട്ടണ്‍ ദാസ് 30 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും നാല് സിക്‌സറുകളുമാണ് ദാസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
കുല്‍നയുടെ ബൗളിങ്ങില്‍ നാസും അഹമ്മദ്, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. മുഹമ്മദ് വസിം ആയിരുന്നു ബാക്കിയുള്ള വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈഗേഴ്‌സ് 18.5 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു.
വിക്ട്‌ടോറിയന്‍സിന്റെ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ആമീർ സ്വന്തമാക്കിയത്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന അഞ്ചാമത്തെ പാകിസ്ഥാൻ പേസർ എന്ന നേട്ടമാണ് ആമീർ സ്വന്തം പേരിൽ കുറിച്ചത്.
മുഹമ്മദ് സമി, വഹാബ് റിയാസ്, ഹസൻ അലി എന്നീ പാകിസ്ഥാൻ താരങ്ങളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ടൈഗേഴ്‌സ് ബാറ്റിങ് നിരയില്‍ മുഹമ്മദ് വസീം 23 റണ്‍സും നാഹിദുല്‍ ഇസ്ലാം 21 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
അതേസമയം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയും അടക്കം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് വിക്ടോറിയന്‍സ്. സമയം ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റോടെ നാലാം സ്ഥാനത്തുമാണ് കുല്‍ന.
Content Highlight: Aamer Jamal great performance in BPL.