| Sunday, 16th April 2023, 9:13 am

മദ്യനയക്കേസ്; സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്‌രിവാള്‍; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സി.ബി.ഐ നടപടിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആം ആദ്മി. സി.ബി.ഐ ഓഫീസിന് മുന്നിലും എല്ലാ ആം ആദ്മി പാര്‍ട്ടി ഓഫീസുകളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷം കണക്കിലെടുത്ത് സി.ബി.ഐ കേന്ദ്രത്തിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരത്തി ഇരുന്നൂറോളം പൊലീസ്- അര്‍ധ സൈനികരെയാണ് സി.ബി.ഐ ഓഫീസിന് മുന്നില്‍ മാത്രം വിന്യസിക്കാനാണ് തീരുമാനം.

ഇന്ന് 11 മണിക്കാണ് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ വിളിപ്പിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മനും ആം ആദ്മി പാര്‍ട്ടി എം.പിമാരും ദല്‍ഹിയിലെ മന്ത്രിമാരും കെജ് രിവാളിനൊപ്പം സി.ബി.ഐ ഓഫീസിലെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ പ്രതിസന്ധി പരിഹരിക്കാനായി നാളെ ദല്‍ഹിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആം ആദ്മി തീരുമാനിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാനാണ് സഭ കൂടുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇ.ഡിക്കെതിരെയും സി.ബി.ഐക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കെജ്‌രിവാള്‍ നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയമാണ് നടപടിക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം കേസില്‍ മനപ്പൂര്‍വം തന്നെ പ്രതി ചേര്‍ക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു.

നൂറ് കോടി അഴിമതി ആരോപിക്കുന്ന അന്വേഷണ സംഘത്തിന് ഇതുവരെ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ജയിലില്‍ കഴിയുന്ന മുന്‍ ദല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: aam admi party will held protest in delhi

We use cookies to give you the best possible experience. Learn more