ലഖ്‌നൗ: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരി 23 മുതല്‍ അംഗത്വ പ്രചരണം ആരംഭിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഒരു മാസം ഈ പ്രചരണം നടത്തും.
കെജ്‌രിവാള്‍ മോഡല്‍ വികസനത്തെ കുറിച്ച് ഉത്തര്‍പ്രദേശില്‍ സംസാരിക്കുന്നതിനും 403 നിയമസഭ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ആംആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു. സഞ്ജയ് സിങിനാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതല.
പാര്‍ട്ടി ഓഫീസുകളിലെത്തിയും മിസ്‌കോള്‍ അടിച്ചും പാര്‍ട്ടി അംഗത്വം നേടാനാവും. വെബ്ബ് സൈറ്റു വഴിയും അംഗത്വം നേടാമെന്നും സഞ്ജയ് സിങ് പറഞ്ഞു.
2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സഞ്ജയ് സിങ് പറഞ്ഞു. ആ കാര്യത്തെ കുറിച്ച് പാര്‍ട്ടി ആലോചിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു ഡസനോളം എം.എല്‍.എമാര്‍ക്ക് ഉത്തര്‍പ്രദേശിലെ സംഘടന പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം നല്‍കും. മനീഷ് സിസോദിയയും ഗോപാല്‍ റായിയും സത്യേന്ദ്ര ജെയിന്‍, ഇമ്രാന്‍ ഹുസൈന്‍ എന്നീ നേതാക്കളും ഇവരില്‍പെടും.