| Thursday, 27th April 2017, 10:42 am

'ഡി.വൈ.എഫ്.ഐ ബ്രോസ് ഇതാണ് ആ വീഡിയോയുടെ സത്യം'; പൈമ്പിളൈ ഒരുമൈ സമര പന്തലിലെ വീഡിയോക്ക് വിശദീകരണവുമായി ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി ആം ആദ്മി പാര്‍ട്ടി. സമര പന്തലില്‍ നിന്നുള്ള വിശദീകരണ വീഡിയോയാണ് ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടത്.


Also read പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണം ഹരിത ട്രൈബ്യുണലും സര്‍ക്കാരുമാണെന്ന ശ്രീശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ പരാതി 


സമര പന്തലില്‍ രാത്രി നടക്കുന്നത് എന്താണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്താണെന്നുമാണ് പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്. സമരം പൊളിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഡി.വൈ.എഫ്.ഐയുടേതെന്നും ആം ആദ്മി പറയുന്നു.

ഇന്നലെയായിരുന്നു സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരില്‍ സേഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നത്. ആളൊഴിഞ്ഞ സമര പന്തലും കാറിനകത്തിരിക്കുന്ന നിരാഹാര സമരം നടത്തുന്ന ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതിനുള്ള വിശദീകരണമായാണ് ആം ആദ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഇന്നലെ രാത്രി മുതല്‍ ഒരു വീഡിയോ പ്രചരിക്കപ്പെടുകയാണ് അതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോയെന്നും പറഞ്ഞ് കൊണ്ടാണ് ആം ആദ്മിയുടെ വീഡിയോ ആരംഭിക്കുന്നത്. ഇന്നലെ രാത്രി തങ്ങളെല്ലാം കടത്തിണ്ണയില്‍ കിടന്നെന്നും സമര പന്തലില്‍ കട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അത് എത്തിക്കാമെന്നേറ്റയാള്‍ക്ക് കൃത്യസമയത്ത് അത് എത്തിക്കാന്‍ കഴിയാതെ വന്നതോടെ സി.ആര്‍ നീലകണ്ഠന് കാറില്‍ കിടക്കേണ്ട അവസ്ഥ വന്നെന്നും പ്രവര്‍ത്തകന്‍ വീഡിയോയിലൂടെ പറയുന്നു.

സമരപന്തലില്‍ പൊമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ കാര്‍ബോര്‍ഡിന്റെ ഷീറ്റ് മുറിച്ച് അതിലാണ് രാത്രി കിടന്നതെന്നു പറയുന്ന പ്രവര്‍ത്തകന്‍ കട്ടിലില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. നേതാക്കളുടെ കൂടെ അവരുടെ കുടുംബാംഗവും ഉണ്ടായിരുന്നെന്നും ഇവര്‍ നാല് പേരും അവിടെ കിടന്നത് കൊണ്ട് സി.ആര്‍ നീലകണ്ഠന് അവിടെ കിടക്കാന്‍ കഴിഞ്ഞില്ലെന്നും ഇതേ തുടര്‍ന്നാണ് തങ്ങളുടെ പ്രവര്‍ത്തകന്റെ കാറില്‍ അദ്ദേഹം കിടന്നതെന്നും വീഡിയോയില്‍ പറയുന്നു.

സി.ആറിനൊപ്പം രണ്ട് പ്രവര്‍ത്തകരും കാറില്‍ ഉണ്ടായിരുന്നെന്നു പറയുന്ന പ്രവര്‍ത്തകന്‍ ഇന്നലെ ഇവിടെയൊരു ബ്രോ വന്നിരുന്നെന്നും വിദഗ്ദമായാണ് അയാള്‍ വീഡിയോ എടുത്തതെന്നും പറയുന്നു. താഴെ കാര്‍ബോഡ് വിരിച്ച് കിടക്കുന്നവര്‍ ക്യാമറയില്‍പ്പെടാതെ സമര പന്തലില്‍ ആരും ഇല്ലെന്ന് സ്ഥാപിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും നിലത്ത് ആളു കിടക്കുന്നത് കൊണ്ട് അവിടെ കെട്ടിയിരുന്ന ബാനര്‍ വരെ പകര്‍ത്തിയ അയാള്‍ ആളുകള്‍ ഇതില്‍ പെടാതെ നോക്കിയെന്നും ചൂണ്ടിക്കാട്ടി.


Dont miss പാന്‍കാര്‍ഡിന് ആധാര്‍: പാര്‍ലമെന്റില്‍ 542 പേര്‍ എതിര്‍ക്കുന്നില്ലെങ്കില്‍ തങ്ങളെന്തിന് എതിര്‍ക്കണമെന്ന് സുപ്രീം കോടതി 


വീഡിയോ എടുക്കാന്‍ വന്നയാള്‍ക്ക് ഇങ്ങനെയൊരു ഉദ്ദേശമുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇത് സമരം പൊളിക്കാനും പൊമ്പിളൈ ഒരുമൈയുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നവരുടെ സൃഷ്ടിയാണിതെന്നും ആം ആദ്മി വീഡിയോയിലൂടെ ആരോപിക്കുന്നു. “വളരെ കൃത്യമായി കൃത്രിമമായി” നിര്‍മ്മിച്ച ഈ വീഡിയോ സമരത്തെ ബാധിക്കില്ലെന്നും തങ്ങള്‍ സമരവുമായ് മുന്നോട്ട് പോകുമെന്നും പറയുന്ന ആം ആദ്മി പ്രവര്‍ത്തകന്‍ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന് കൂടെ ആം ആദ്മി കണ്‍വീനര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന നിരാഹാര സമരമാണിതെന്നും ഇത് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പറഞ്ഞു.

സമരത്തിന് പിന്തുണയുമായ് എല്ലാവരും എത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ആം ആദ്മിയുടെ വിശദീകരണ വീഡിയോ അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനിയില്‍ വാര്‍ത്തയും നല്‍കിയിട്ടുണ്ട് “നിരാഹാരമിരിക്കുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബര കാറില്‍” എന്ന തലക്കെട്ടിലാണ് വാര്‍ത്ത. “നീലകണ്ഠന്‍ ഫോണില്‍ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബര കാര്‍ എത്തി. നീലകണ്ഠന്‍ അതിനുള്ളില്‍ കയറി. ഒരാളെത്തി ഭക്ഷണപൊതിയും വെള്ളവും കൈമാറി” എന്നു വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല.

വീഡിയയോടൊപ്പം കമന്റായി “ഈ ചേട്ടന്‍ കാറിനുള്ളില്‍ നല്ല സുഖവാസത്തില്‍ വെള്ളം കുടിച്ച് കിടക്കുവാണെന്ന്” പറയുന്നുണ്ടെങ്കിലും ഇതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഇല്ല.

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോ:

ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണ വീഡിയോ:

We use cookies to give you the best possible experience. Learn more