ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി ദേശീയ വക്താവും ദല്‍ഹി എം.എല്‍.എയുമായ രാഘവ് ചദ്ദയാണ് ദല്‍ഹി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
ദല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷം തങ്ങളുടെ അഭിപ്രായം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചു. അതിന് ശേഷമാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി കൊടുത്തത്. തങ്ങളുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ലെന്നും രാഘവ് ചദ്ദ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആംആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകളിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല, ആ കേസുകളൊക്കെ സാധാരണ നിയമ നടപടി അനുസരിച്ച് നടക്കുകയാണ്. വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ട സംവിധാനം സര്‍ക്കാരല്ല ജുഡീഷ്യറിയാണെന്നും രാഘവ് ചദ്ദ പറഞ്ഞു.
ഞങ്ങള്‍ അടിസ്ഥാനമായി കരുതുന്നത് ഇത്തരം കാര്യങ്ങളില്‍ വസ്തുതകള്‍ നോക്കി പരിശോധന നടത്തേണ്ട സംവിധാനം സര്‍ക്കാരല്ല, ജുഡീഷ്യറിയാണ്. കോടതികളാണ് ഈ നടപടികള്‍ നടത്തേണ്ടതും ജൂഡീഷ്യറിയാണ് ഈ തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും രാഘവ് ചദ്ദ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു.
2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം.