| Thursday, 30th January 2014, 10:11 pm

മുഖ്യധാര രാഷ്ട്രീയത്തോട് തോറ്റ് 'തൊപ്പി'യിട്ടവരാണ് ആം ആദ്മിക്കാര്‍: എം.എന്‍ കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: മുഖ്യധാരാ രാഷ്ട്രീയത്തോട് തോറ്റ് തൊപ്പിയിട്ടവരാണ് ആം ആദ്മി പാര്‍ട്ടിക്കാരെന്ന് പ്രമുഖ സാമൂഹ്യ വിമര്‍ശകനും എഴുത്തുകാരനുമായ ഡോ.എം.എന്‍ കാരശ്ശേരി.

ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ച എം.എന്‍ കാരശ്ശേരി മാസ്റ്റര്‍ ആം ആദ്മിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെയ്ക്കവേയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

താനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് തോറ്റ് തൊപ്പിയിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമോ ഇല്ലയോ എന്ന് മാത്രം ചിന്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് ആം ആദ്മി പാര്‍ട്ടി. അതൊരു ജനമുന്നേറ്റമാണ്.

കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന കര്‍ഷകന്റേയും സാധാരണക്കാരന്റേയും സ്ത്രീകളുയേയും പാര്‍ട്ടിയാണ് ആം ആദ്മി.

അവര്‍ക്ക് പ്രധാനം ജനങ്ങളാണ്, അതിന്റെ ഒരു ഭാഗം മാത്രമാണ് തിരഞ്ഞെടുപ്പ്. പോരായ്മകളും തെറ്റുകളും വരുമ്പോള്‍ ആം ആദ്മിയേയും വിമര്‍ശിക്കാം- എം.എന്‍ കാരശ്ശേരി പറഞ്ഞു.

എറണാകുളത്ത് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് തകര്‍ത്തപ്പോള്‍ മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസ് പരിസരം അടിച്ചുവാരിയവരാണ് ആം ആദ്മി പ്രവര്‍ത്തകരെന്നും അതാണ് അവരുടെ സംസ്‌കാരം, ഈ സംസ്‌കാരം മാധ്യമങ്ങള്‍ക്കും മറ്റു പാര്‍ട്ടികള്‍ക്കും മനസിലാക്കാന്‍ ബുദ്ധിമുട്ട് കാണുമെങ്കിലും ജനത്തിന് മനസിലാവുമെന്നും കാരശ്ശേരി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ്, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്, ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനു, ഗീതാനന്ദന്‍ എന്നിവരും ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്, ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായകന്‍ റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍.

We use cookies to give you the best possible experience. Learn more