'എല്ലാ പൂക്കളും വെറുപ്പ് പടര്‍ത്തില്ല, ചിലത് സ്‌നേഹം പടര്‍ത്തും'; അവസാന നിമിഷത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി
national news
'എല്ലാ പൂക്കളും വെറുപ്പ് പടര്‍ത്തില്ല, ചിലത് സ്‌നേഹം പടര്‍ത്തും'; അവസാന നിമിഷത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 11:46 pm

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി. ഒരു റോസാ പൂ ചിത്രം ഉപയോഗിച്ച് ട്വിറ്ററിലൂടെയാണ് വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ പൂക്കളും വെറുപ്പ് പടര്‍ത്തില്ല, ചിലത് സ്‌നേഹം പടര്‍ത്തും എന്നെഴുതിയ് ചിത്രം ട്വീറ്റ് ചെയ്തത് വെള്ളിയാഴ്ച രാത്രിയാണ്. തലക്കെട്ടായി ദല്‍ഹിയില്‍ ഈ ആഴ്ച വിരിയാന്‍ പോകുന്ന ഏക പുഷ്പം എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്.

 

ആംആദ്മി പാര്‍ട്ടിയുടെ ഭരണത്തെ പ്രശംസിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.

ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് ശിവസേനയുടെ പ്രതികരണം. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശംസിക്കണമായിരുന്നുവെന്നും മഹാരാഷ്ട്ര ഭരണകക്ഷി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാവാതെയാണ് പ്രധാനമന്ത്രിയും അമിത്ഷായും മടങ്ങുന്നത്. അവര്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരാജയപ്പെട്ടു. അത് കൊണ്ട് ബി.ജെ.പിക്ക് ദല്‍ഹിയില്‍ വിജയിക്കണമെന്ന് തോന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

ദല്‍ഹിയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നുള്ള 200 എം.പിമാര്‍, ബി.ജെപി മുഖ്യമന്ത്രിമാര്‍, മുഴുവന്‍ കേന്ദ്രമന്ത്രിമാരും പ്രദേശത്തെത്തിയിട്ടുണ്ട്. ഇവരെയെല്ലാം മറികടന്ന് അരവിന്ദ് കെജ്‌രിവാള്‍ ശക്തമായി മുന്നിട്ടുനില്‍ക്കുന്നുവെന്നും ശിവസേന പറഞ്ഞു.

വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ല. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പരിമിതമായ അധികാരം ഉപയോഗിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സര്‍ക്കാര്‍ മികച്ചതായി പ്രവര്‍ത്തിച്ചെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.