| Monday, 12th June 2023, 8:49 am

ദല്‍ഹി ഓര്‍ഡിനന്‍സ് ഏകാധിപത്യത്തിലേക്കുള്ള പ്രഖ്യാപനം; മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്: റാലിയില്‍ കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രം, ഓര്‍ഡിനന്‍സ് ദല്‍ഹിയില്‍ മാത്രമല്ല, മറ്റുള്ള സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി ഓര്‍ഡിനന്‍സ് ഏകാധിപത്യത്തിലേക്കുള്ള പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ദല്‍ഹി രാംലീല മൈതാനിയില്‍ ആം ആംദ്മി പാര്‍ട്ടി നടത്തിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്താണ് ഓര്‍ഡിനന്‍സ് പറയുന്നത്. ദല്‍ഹിയില്‍ ജനാധിപത്യമില്ലെന്നാണ് മോദിജിയുടെ ഓര്‍ഡിനന്‍സ് പറയുന്നത്. അവിടെ ഏകാധിപത്യമുണ്ട്. അവിടെ ജനങ്ങളല്ല, ലഫ്‌നന്റ് ഗവര്‍ണറാണ് വലുത്. ജനങ്ങള്‍ ആരെ തെരഞ്ഞെടുത്താലും പ്രശ്‌നമല്ല, ദല്‍ഹിയെ ഞാന്‍ നയിക്കുമെന്നാണ് മോദിജി പറയുന്നത്.

ഇത് ദല്‍ഹിയില്‍ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് കരുതരുത്. രാജ്യത്തിന്റെ എല്ലായിടത്തും ഈ പദ്ധതി നടപ്പാക്കാന്‍ അവര്‍ക്ക് ആലോചനയുണ്ടെന്നാണ് ഞാന്‍ കേട്ടത്. ദല്‍ഹിയില്‍ നല്‍കിയ ഓര്‍ഡിനന്‍സ് ഏകാധിപത്യത്തിലേക്കുള്ള പ്രഖ്യാപനം പോലെയാണ്. ഇത് മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൊണ്ടുവരും,’ കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച അതേ മൈതാനിയില്‍ വെച്ചാണ് റാലി സംഘടിപ്പിച്ചത്.
ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെയാണ് മഹാറാലി സംഘടിപ്പിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ദല്‍ഹി എ.എ.പി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ്, എ.എ.പി എം.പി സജ്ഞയ് സിങ്, മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഓര്‍ഡിനന്‍സ് തെരഞ്ഞെടുത്ത സര്‍ക്കാറിനെ തളര്‍ത്തുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്ര ഓര്‍ഡിനന്‍സ് ദല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്ര ഓര്‍ഡിനന്‍സ് ദല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ദല്‍ഹിയില്‍ ജനാധിപത്യമില്ലെന്നാണ് അവര്‍ പറഞ്ഞത്. ദല്‍ഹി ഏകാധിപത്യവും ലഫ് ഗവര്‍ണര്‍ അതിലെ പരമാധികാരിയുമാകുന്നു. ജനങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആര്‍ക്കും വോട്ട് ചെയ്യാം. എന്നാല്‍ ദല്‍ഹിയെ കേന്ദ്രം നിയന്ത്രിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയിലെ ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഉറപ്പാക്കാന്‍ താന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങള്‍ക്ക് തടയിടാനാണ് മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയ്‌നിനെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ദല്‍ഹിയിലെ ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഉറപ്പാക്കാന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു. 140 കോടി ദല്‍ഹി സര്‍ക്കാരിനൊപ്പമുണ്ട്.

ദല്‍ഹി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് മനീഷ് സിസോദിയയെയും സത്യേന്ദ്ര ജെയ്‌നിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ നമുക്ക് 100 സിസോദിയമാരും 100 ജെയ്‌നുമാരുമുണ്ട്. അദ്ദേഹം പറഞ്ഞു.

ഏകാധിപത്യം തടയാനുള്ള പോരാട്ടമാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

’12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ (രാലീല മൈതാനം) നമ്മള്‍ അഴിമതിക്കെതിരെ യോഗം ചേര്‍ന്നു. ഇന്ന് ഒരു ഏകാധിപതിയെ പുറത്താക്കാന്‍ വേണ്ടി നമ്മള്‍ ഇവിടെ ഒത്തുച്ചേര്‍ന്നു. ഇപ്പോള്‍ നമ്മുടെ പോരാട്ടം വിജയിച്ചു.

ഇത് ഏകാധിപത്യം ഇല്ലാതാക്കി ജനാധിപത്യത്തെ തിരികെ കൊണ്ടുവരാനുള്ള പോരാട്ടമാണ്. സുപ്രീം കോടതിയിലെ നമ്മുടെ അഭിഭാഷകന്‍ അഭിഷേക് മനുവിനോട് ഞാന്‍ നന്ദി പറയുന്നു.

ഞാന്‍ സുപ്രീം കോടതിയെ ബഹുമാനിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒരു പ്രധാനമന്ത്രി ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ജനം ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രി ഇത്രയും അഹങ്കാരിയാകുമെന്ന് ആരും വിശ്വസിക്കില്ല. ഇതാണ് ഏകാധിപത്യം.

2019ല്‍ ദല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മിക്ക് 67 സീറ്റ് നല്‍കി മോദിജിയോട് മാറി നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കുന്നു എന്നാല്‍ അദ്ദേഹം അത് തടയുന്നു. കഴിഞ്ഞ വര്‍ഷം ദല്‍ഹി സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്നുകള്‍ അദ്ദേഹം നിര്‍ത്തി. പണപ്പെരുപ്പം ഉയരുകയാണ്. പെട്രോള്‍ ലിറ്ററിന് 100 രൂപയാണ്. ഡീസലിന് 90 രൂപ. പാലിനും പച്ചക്കറിക്കും വില കൂടുതലാണ്.

എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ 1000 രൂപയിലധികം വിലയുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. നാലാം ക്ലാസ് പാസായ രാജാവിന് എങ്ങനെ രാജ്യം ഭരിക്കണമെന്ന് ഒരു ധാരണയുമില്ല.

ഒരു ദിവസം അവര്‍ 2000 രൂപ വരുമെന്ന് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഇല്ലാതാക്കുകയും ചെയ്തു,’ കെജ്‌രിവാള്‍ പറഞ്ഞു.

ഈ രീതിയിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ജനാധിപത്യം അധികകാലം നിലനില്‍ക്കില്ലെന്ന് കപില്‍ സിബലും പറഞ്ഞു.

‘ഈ രീതിയിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യം അധിക കാലം നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. തനിക്ക് ഇരട്ട എഞ്ചിന്‍ ഉള്ള സര്‍ക്കാര്‍ വേണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. എന്താണ് അതിനര്‍ത്ഥം?

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ഡബിള്‍ ബാരല്‍ സര്‍ക്കാരാണ് അദ്ദേഹം നടത്തുന്നത്. ഒരു ബാരല്‍ സി.ബി.ഐയും മറ്റൊന്ന് ഇ.ഡിയുമാണ്. ദല്‍ഹിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കില്‍ എന്തിനാണ് ദല്‍ഹിക്ക് നിയമസഭ നല്‍കിയത്,’ അദ്ദേഹം ചോദിച്ചു.

2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര പുടിന്‍ ആകുമെന്ന് ഭഗവന്ത് മനും പറഞ്ഞു.

നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായെല്ലാം കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

content highlight: aam admi party conducted maha rally against delhi ordinance

We use cookies to give you the best possible experience. Learn more