national news
ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതുജനാഭിപ്രായം തേടും: ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 19, 08:04 am
Monday, 19th August 2024, 1:34 pm

ന്യൂദല്‍ഹി: പഞ്ചാബിലേതിന് സമാനമായി ഹരിയാനയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്ന് ആം ആദ്മി പാര്‍ട്ടി. ശേഷം ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്ന് എ.എ.പി ഹരിയാന യൂണിറ്റ് മേധാവി സുശീല്‍ ഗുപ്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് ഹരിയാനയില്‍ വോട്ട് നേടാന്‍ കഴിയില്ലെന്നും എന്‍.ഡി.എ ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ഡോക്ടര്‍മാരും ദുഖിതരാണെന്നും സുശീല്‍ ഗുപ്ത പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ഹരിയാനയില്‍ മയക്കുമരുന്ന് ഭീഷണി വര്‍ധിക്കുന്നുവെന്നും എ.എ.പി നേതാവ് പറഞ്ഞു. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കേണ്ട സമയം അതിക്രമിച്ചുവെന്നും സുശീല്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലിലടക്കാമെന്ന ബി.ജെ.പിയുടെ ഗൂഢാലോചന തെറ്റിയെന്ന് മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചിരുന്നു. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മനീഷ് സിസോദിയ പതിനേഴ് മാസം ജയിലിലായിരുന്നു. ആഗസ്റ്റ് ഒമ്പതിന് ജയില്‍ മോചിതനായതിന് പിന്നാലെയാണ് സിസോദിയ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലായിരിക്കും ആം ആദ്മി മത്സരിക്കുക. തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി. വേണുഗോപാല്‍ എന്നിവരും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും അറിയിച്ചിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ മത്സരിച്ചത്. പഞ്ചാബില്‍ ഒറ്റക്ക് മത്സരിച്ച എ.എ.പിക്ക് ഹരിയാനയില്‍ സഖ്യം ഒരു സീറ്റ് നല്‍കുകയും ചെയ്തു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മികച്ച പ്രകടനം നടത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചടി നേരിടുകയാണ് ചെയ്തത്. എ.എ.പി മത്സരിച്ച ഏഴ് സീറ്റിലും ബി.ജെ.പി വിജയിക്കുകയായിരുന്നു.

Content Higlight: Aam Aadmi Party will seek public opinion in deciding the Chief Ministerial candidate in Haryana as well