ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യം ദേശീയ തലത്തില്‍ മാത്രമാണെന്നും നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ.എ.പി അറിയിച്ചു.
പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും 2025ലെ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദല്‍ഹി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയില്‍ നടന്ന പാര്‍ട്ടി എം.എല്‍.എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് അറിയിപ്പ്.
‘ഇന്ത്യാ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. തെരഞ്ഞെടുപ്പില്‍ നിരവധി പാര്‍ട്ടികളാണ് ഒരുമിച്ച് മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടിയും അതിന്റെ ഭാഗമായിരുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുള്ള ഒരു സാധ്യതയുമില്ല,’ ഗോപാല്‍ റായ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, അസം എന്നിവിടങ്ങളിലായി ആകെ 22 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. പഞ്ചാബില്‍ നിന്ന് മൂന്ന് സീറ്റുകളാണ് എ.എ.പിക്ക് ലഭിച്ചത്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ എ.എ.പിയുടെ ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു കൂടിയായിരുന്നു ഇത്.
ദല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലാണ് എ.എ.പിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിച്ചു. എന്നാല്‍ ഇന്ത്യാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ ദല്‍ഹിയില്‍ പാളുകയായിരുന്നു. ഏഴ് സീറ്റിലും എന്‍.ഡി.എ വിജയിച്ചു.
അതേസമയം 2020ലും 2015ലും നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല. 2020ല്‍ 70ല്‍ 62 സീറ്റും എ.എ.പി നേടിയപ്പോള്‍ ബിജെപി എട്ട് സീറ്റ് നേടുകയും ചെയ്തു.
Content Highlight: Aam Aadmi Party will contest the assembly elections alone