സിസോദിയയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആപ്പ്
national news
സിസോദിയയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 10:59 pm

 

ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും
ബി.ജെ.പിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തിരുമാനിച്ചു.

ജനാധിപത്യത്തിലെ കരിദിനമാണ് ഞായറാഴ്ച മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ഉണ്ടായതെന്ന് ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ കേസിലാണ് ബി.ജെ.പിയുടെ സി.ബി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് അറസ്റ്റെന്നും ആം ആദ്മി ട്വീറ്റ് ചെയ്തു.

മനീഷ് സിസോദിയ

സിസോദിയ നിരപരാധിയാണെന്നും ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു.

‘സിസോദിയയുടെ അറസ്റ്റ് ജനങ്ങളില്‍ കടുത്ത അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്. ഈ അറസ്റ്റ് ഞങ്ങളുടെ ആവേശം വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാകും,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി 7.15 ഓടെ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രിയായതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെയും മറ്റ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മതം വാങ്ങിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് കേസ്. സിസോദിയ ഉള്‍പ്പെടെ 14 പേരാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.