| Wednesday, 3rd April 2024, 10:43 pm

മദ്യ നയക്കേസ്; സഞ്ജയ് സിങ് ജയില്‍മോചിതനായി, സ്വീകരിക്കാനെത്തിയത് നൂറുകണക്കിന് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായി. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി സഞ്ജയ് സിങ്ങിന് ജാമ്യം നല്‍കിയത്. പുറത്തെത്തിയ എം.പിയെ സ്വീകരിക്കാനെത്തിയത് നൂറുകണക്കിന് എ.എ.പി പ്രവര്‍ത്തകരാണ്.

പുറത്തിറങ്ങിയ സഞ്ജയ് സിങ് ഇത് ആഘോഷത്തിനുള്ള സമയമല്ലെന്നും പോരാട്ടത്തിന് ഒരുങ്ങണമെന്നും പ്രവര്‍ത്തകരോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ ഒരിക്കല്‍ പുറത്തുവരുമെന്നും തന്നെ പോലെ അറസ്റ്റിലായ ബാക്കിയുള്ളവരും പുറത്തെത്തുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അഴിമതിപ്പണം കൈമാറിയതിന് സഞ്ജയ് സിങ്ങിനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ കൈയ്യില്‍ ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം നല്‍കിയത്.

മദ്യ നയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

2023 ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റുചെയ്തത്. കേസില്‍ അറസ്റ്റിലായ എ.എ.പി നേതാക്കളില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് കേസില്‍ സഞ്ജയ് സിങ് അറസ്റ്റിലാകുന്നത്. ഇത് കെട്ടിച്ചമച്ച കേസാണെന്നും തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് അറസ്റ്റെന്നും അന്ന് സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിലെ ഓരോ നേതാക്കളെയും ഇ.ഡി അറസ്റ്റ് ചെയ്യുമ്പോള്‍ തെളിവില്ലാതെ എടുത്ത നടപടിയാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി നടത്തിയ പരമാര്‍ശങ്ങള്‍.

Content Highlight: Aam Aadmi Party leader and Rajya Sabha MP Sanjay Singh has been released from jail

We use cookies to give you the best possible experience. Learn more