| Sunday, 25th August 2024, 9:22 pm

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചതിന് പിന്നാലെ ജമ്മു കാശ്മീരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഏഴ് സ്ഥാനാര്‍ത്ഥികളെയാണ് ജമ്മു കശ്മീരില്‍ എ.എ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

പുല്‍വാമയില്‍ നിന്ന് ഫയാസ് അഹമ്മദ് സോഫിയും രാജ്പോറയില്‍ നിന്ന് മുദ്ദസിര്‍ ഹസനും ദേവ്സറില്‍ നിന്ന് ഷെയ്ഖ് ഫിദ ഹുസൈനുമാണ് മത്സരിക്കുക. ദൂരുവില്‍ മൊഹ്സിന്‍ ഷഫ്കത്ത് മിറും ദോഡയില്‍ മെഹ്രാജ് ദിന്‍ മാലിക്കും ദോഡ വെസ്റ്റില്‍ യാസിര്‍ ഷാഫി മറ്റോയും മത്സരിക്കുമെന്ന് ആം ആദ്മി അറിയിച്ചു.

സെപ്തംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്തംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ് നടക്കുക. ഒക്ടോബര്‍ നാലിന് ഫലം പ്രഖ്യാപിക്കും. അതേസമയം ദേശീയ തലത്തില്‍ എ.എ.പി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ച് മത്സരിക്കുകയുണ്ടായി.

എന്നാല്‍ പഞ്ചാബില്‍ എ.എ.പി സഖ്യമില്ലാതെയാണ് മത്സരിച്ചത്. നിലവില്‍ ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി സഖ്യം ചേരാതെയാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് ആരുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എ.എ.പി ജമ്മു കശ്മീരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നിലവില്‍ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥികളും സഖ്യ രൂപീകരണവുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യം രൂപീകരിച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ ഫാറൂഖ് അബ്ദുള്ള മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരുമായി ശ്രീനഗറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിലെ മൂന്ന് ഘടക കക്ഷികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്നും സഖ്യകക്ഷികള്‍ സൂചന നല്‍കിയിരുന്നു. 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ഇതിനുമുമ്പ് 2008ലാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ജമ്മു കശ്മീരില്‍ അധികാരത്തില്‍ വരുന്നത്. ഇക്കാലയളവില്‍ ഒമര്‍ അബ്ദുള്ളയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ പി.ഡി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുത്തു. അന്ന് കോണ്‍ഗ്രസിന് 12 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുമാണ് ലഭിച്ചത്.

അതേസമയം കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനെതിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി എന്നിവർ രംഗത്തെത്തിയിരുന്നു.

Content Highlight: Aam Aadmi Party has announced candidates in Jammu and Kashmir assembly elections

We use cookies to give you the best possible experience. Learn more