ആം ആദ്മിയുടെ ജനപക്ഷ നിലപാടുകള്‍ പ്രത്യാശ പകരുന്നു: ഇറോം ശര്‍മ്മിള
India
ആം ആദ്മിയുടെ ജനപക്ഷ നിലപാടുകള്‍ പ്രത്യാശ പകരുന്നു: ഇറോം ശര്‍മ്മിള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th March 2014, 5:45 pm

[share]

[]ഇംഫാല്‍: ആം ആദ്മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടുകള്‍ പ്രത്യാശ പകരുന്നതാണെന്ന് മണിപ്പൂരിലെ പട്ടാള അതിക്രമങ്ങള്‍ക്ക് നേരെ പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള.

ദിവസങ്ങള്‍ മാത്രമാണ് അധികാരത്തിലിരുന്നതെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടവും ഉണ്ട് എന്ന് തെളിയിക്കാന്‍ ആം കെജ്‌രിവാളിന് കഴിഞ്ഞതായും ഇറോ ശര്‍മ്മിള പറഞ്ഞു. ഈ മുന്നേറ്റം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി പോരാടുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.

തന്റെ അഭിപ്രായങ്ങളെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ സംഘടനയോടോ ചേര്‍ത്ത് വായിക്കരുതെന്നും ആം ആദ്മിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നതായും ശര്‍മ്മിള പറഞ്ഞു. എന്നാല്‍ ഞാന്‍ എന്റെ ജനതയുടെ സ്വാന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“സൈന്യത്തിന്റെ പ്രതേകാധികാര നിയമം പിന്‍വലിക്കുന്നതില്‍ കോണ്‍ഗ്രസിനെ വിലക്കെടുക്കുന്നില്ല. ആ പാര്‍ട്ടി തുടര്‍ച്ചയായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്. അഴിമതിക്കും ആക്രമണങ്ങള്‍ക്കും ഭീകരവാദത്തിനും പ്രോല്‍സാഹനം ചെയ്യുക എന്നതാണ് പ്രത്യേകാധികാര നിയമംമൂലം ഉണ്ടാകുന്നത്.” ഇറോം ശര്‍മ്മിള പറഞ്ഞു.

മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ച് നല്‍കുന്ന എ.എഫ്.എസ്.പി.എ(Armed Force Special Power Act)
നിയമത്തിനെതിരെ 2000 നവംബര്‍ 2 മുതല്‍ നിരാഹാരമനുഷ്ടിച്ച് വരികയാണ് ഇറോം ശര്‍മ്മിള.

നിയമത്തിനെതിരെ ഇറോം സമരം ആരംഭിച്ചത് 27ാം വയസ്സിലാണ്. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാലേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നാണ് ഇപ്പോള്‍ നാല്‍പ്പതുകാരിയായ ശര്‍മ്മിളയുടെ നിലപാട്.

മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്.

സമരത്തില്‍നിന്നും പിന്‍മാറാത്ത ഇറോമിനെ അറസ്റ്റുചെയ്ത് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ആത്മഹത്യാ ശ്രമ കുറ്റം ചുമത്തി ജവഹര്‍ ലാല്‍ നെഹ്രു ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ജയില്‍ മുറിയിലാണ് ഇറോം ശര്‍മ്മിളയെ കസ്്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.