ചണ്ഡീഗഡ്: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പ്രശംസിച്ച് അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ആം ആദ്മി പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അമൃത്സറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഒരു വ്യക്തിക്കോ എം.എല്‍.എക്കോ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാതാവുമ്പോള്‍ നീരസമുണ്ടാവും. ഇന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള 25 എം.എല്‍.എമാരും രണ്ട് എം.പിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയോ മറ്റ് പാര്‍ട്ടികളില്‍ നിന്ന് മാലിന്യം എടുക്കുകയോ ചെയ്യുന്നില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.
പൊതുകാര്യങ്ങളില്‍ സിദ്ദു നടത്തുന്ന ഇടപെടല്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടൂച്ചേര്‍ത്തു. ”സിദ്ദുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണം, മണലിനും വൈദ്യുതിക്കും വില കുറഞ്ഞുവെന്ന് ചന്നി അവകാശപ്പെട്ടപ്പോള്‍, സിദ്ധു ഉടന്‍ തന്നെ അതിനെ എതിര്‍ത്തു,’ കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍, നവ്ജ്യോത് സിംഗ് സിദ്ദുവിനെ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അമരീന്ദര്‍ സിംഗിനെപ്പോലെ ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സിദ്ദുവിനെ ലക്ഷ്യമിടുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞു.
താന്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ടിനെ കുറിച്ചും കെജ്‌രിവാള്‍ പറഞ്ഞു. ’20-25 വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്നുള്ള അമരീന്ദര്‍, ബി.ജെ.പിയില്‍ നിന്നുള്ള ബാദല്‍സ എന്നിവര്‍ സംസ്ഥാനം ഭരിക്കുകയും പഞ്ചാബിന്റെ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. ഷീലാ ദീക്ഷിതിന്റെ 15 വര്‍ഷത്തെ സര്‍ക്കാരും ഡല്‍ഹിയുടെ ഖജനാവ് കാലിയാക്കി. പക്ഷേ, കാലിയായ ഖജനാവ് നിറയ്ക്കാന്‍ കെജ്‌രിവാളിന് അറിയാം, മാഫിയകളെ അടുക്കാന്‍ അനുവദിക്കില്ല. ചന്നിയുടെ വലതുവശത്ത് മണല്‍ മാഫിയയും ഇടതുവശത്ത് ഗതാഗത-മദ്യമാഫിയയുമാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആരാകും എന്നതിനെ കുറിച്ചും കെജ്‌രിവാള്‍ പറഞ്ഞു, ”പഞ്ചാബില്‍ സിദ്ദുവാണോ രണ്‍ധാവയാണോ ചന്നിയാണോ തുടരുന്നത് എന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി മുഖങ്ങളെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ നീതിമാനായ ഒരാളെ പ്രഖ്യാപിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Aam Aadmi Party does not want waste from other parties; Kejriwal