കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിടുന്നതായും റിപ്പോര്‍ട്ട്
Kerala News
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിടുന്നതായും റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 11:27 am

തിരുവനന്തപുരം: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി ഇതുവരെ പുനസംഘടിപ്പിച്ചിട്ടില്ല. മാത്രമല്ല സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട് തന്നെ നാല് മാസമായി.

പുതിയ കമ്മിറ്റികളെ ഉടന്‍ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് ഇ- മെയില്‍ അയക്കുന്നുണ്ടങ്കിലും മറുപടികള്‍ ലഭിക്കാത്തത് നേതൃത്വത്തെ കുഴക്കുന്നുണ്ട്.

വാടക കൊടുക്കാത്തതുമൂലം ജില്ലാ കമ്മിറ്റി ഓഫീസുകളൊന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാന കമ്മിറ്റി മുതല്‍ കീഴ്ഘടകങ്ങള്‍ വരെയുള്ള കമ്മിറ്റികളില്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സൂചനയുണ്ട്.

സി.ആര്‍ നീലകണ്ഠനടക്കമുള്ള നേതാക്കളെ സ്ഥാനത്ത് നിന്ന് മാറ്റിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി കുറഞ്ഞ് വരുന്നതും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്.

പാര്‍ട്ടിയില്‍ നില്‍ക്കണോ, പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരണമോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വെ നടക്കുകയാനെന്ന്‌നു സൂചന. ഇതിനകം തന്നെ നിരവധി സജീവ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു കഴിഞ്ഞു.