| Friday, 2nd July 2021, 7:39 pm

ഉള്‍പ്പാര്‍ട്ടിപ്പോരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വലയുമ്പോള്‍ തന്ത്രം മെനഞ്ഞെത്തുന്ന ആം ആദ്മി

അളക എസ്. യമുന

വരും ദിവസങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയരംഗം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളായിരിക്കും. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസുമെല്ലാം എന്ത് ചെയ്യുമെന്ന് മാത്രമായിരിക്കും പ്രധാന ചര്‍ച്ചയാവുകയെന്ന് കരുതിയെങ്കില്‍ തെറ്റി, ആം ആദ്മിയുടെ അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോരടിച്ചു നില്‍ക്കുന്ന ഉത്തര്‍ പ്രദേശ്, അവിടെയുള്ള മറ്റു ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍, പഞ്ചാബിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് കലങ്ങി മറിഞ്ഞിരിക്കുന്നു, തര്‍ക്കം തീര്‍ക്കാന്‍ ഒരു മാര്‍ഗവും കാണാതെ കഷ്ടപ്പെടുകയാണ് അവിടെ നേതൃത്വം. ഇനി ഗുജറാത്തിലെ കാര്യമെടുത്താല്‍ ബംഗാളില്‍ ഏറ്റ പരാജയം ബി.ജെ.പിക്കുള്ളില്‍ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയര്‍ത്താന്‍ തുടങ്ങിയതിന്റെ പ്രതിഫലനം അവിടെയും ദൃശ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്.

ഇങ്ങനെ ഒന്ന് നില തെറ്റിനില്‍ക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാളെത്തുന്നത്. ആം ആദ്മിയെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ അതിന് പറ്റിയ സമയവും സാഹചര്യവുമായാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകളെ കാണുന്നത്.

എങ്ങനെയാണ് ആം ആദ്മി ഈ മൂന്ന് സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ നോക്കുന്നത് ? എന്താണ് കെജ്‌രിവാള്‍ അണിയറിയല്‍ ഒരുക്കുന്ന തന്ത്രങ്ങള്‍?

ഉത്തര്‍പ്രദേശ് 

ഉത്തര്‍പ്രദേശില്‍ നിന്നു തുടങ്ങാം, ബംഗാളില്‍ വിജയിക്കുമെന്ന അതിമോഹം അമ്പേ പരാജയപ്പെട്ട ക്ഷീണത്തിലിരിക്കുന്ന ബി.ജെ.പിക്ക്, പ്രഹരത്തിന് മേല്‍ കിട്ടിയ പ്രഹരമായിരുന്നു ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ തളര്‍ച്ച. യോഗി ആദിത്യനാഥിനെ കളത്തിലിറക്കി യു.പിയില്‍ സ്ഥാപിച്ചെടുത്ത ആധിപത്യം അതുപോലെ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി നേതൃത്വം.

ദേശീയ നേതൃത്വം ഇടപെട്ടിട്ടും യു.പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ വിചാരിച്ചതിലും മോശമായിരിക്കുന്നു എന്ന ബോധ്യം പാര്‍ട്ടിക്കുണ്ടെങ്കിലും പരാജയപ്പെടില്ലെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക് നിലവില്‍ ഉള്ളത്.

എന്നാല്‍ കഥയിലെ ട്വിസ്റ്റ് വരുന്നത് ഇനിയാണ്. ബി.ജെ.പി. പാളയത്തില്‍ മെനയുന്ന തന്ത്രങ്ങളോട് കിടപിടിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി അണിയറയില്‍ ഒരുക്കുന്നത്.

ദല്‍ഹിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ആഗ്രഹം കഴിഞ്ഞ വര്‍ഷം തന്നെ കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ട്. ഒമ്പത് വര്‍ഷം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു യു.പിയില്‍ മത്സരിക്കാന്‍ പോകുന്ന വിവരം കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

2020ല്‍ തന്നെ ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ആം ആദ്മിയുടെ പ്രഖ്യാപനം ഒരു തരത്തിലും ബി.ജെ.പിയെ ബാധിച്ചിരുന്നില്ല. കാരണം യു.പി ബി.ജെ.പി പുഷ്പം പോലെ ജയിച്ചുകേറിയ സംസ്ഥാനമാണ്. ബി.ജെ.പിയുടെ ശക്തി കേന്ദ്രം. എന്നാല്‍ 2021ല്‍ അതല്ല അവസ്ഥ. യു.പിയില്‍ കാര്യങ്ങള്‍ ബി.ജെ.പിയുടെ കയ്യില്‍ നിന്നും വഴുതി തുടങ്ങിയിരിക്കുന്നു.

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴചയും യോഗിയുടെ പ്രതിച്ഛായക്കേറ്റ ക്ഷതവും യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. യു.പിയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുള്‍പ്പെടെയാണ് യോഗം ചേര്‍ന്നത്.

യു.പിയിലെ നിലവിലെ സാധ്യത പരമാവധി മുതലാക്കാന്‍ ആം ആദ്മി ശ്രം തുടങ്ങിയിട്ടുമുണ്ട്. 2020ല്‍ തന്നെ ആം ആദ്മി നേതാവ് സഞ്ജയ് സിംഗിനെ പാര്‍ട്ടി രംഗത്തിറക്കിയിട്ടുമുണ്ട്.

പഞ്ചാബ്

ഇനി പഞ്ചാബിലെ കാര്യം നോക്കുകയാണെങ്കില്‍ ബി.ജെ.പി. ആം ആദ്മിക്കൊരു വെല്ലുവിളി ആകാന്‍ സാധ്യതയില്ല. അവിടെ ആം ആദ്മിക്ക് നേരിടേണ്ടി വരിക കോണ്‍ഗ്രസിനെയാണ്.

യു.പി ബി.ജെ.പിയില്‍ യോഗിയുടെ നേതൃത്വമാണ് പ്രശ്നമുണ്ടാക്കുന്നതെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പ്രശ്നം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രമുഖ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വാക്പ്പോരാണ്. ഇരുവരും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹാരിക്കാന്‍ ചക്രശ്വാസം വലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഈ അവസരം ആം ആദ്മി നന്നായി ഉപയോഗിക്കുന്നുമുണ്ട്. പഞ്ചാബില്‍ കെജ്‌രിവാള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യുന്നുണ്ട്. വെറുതേ സംവദിക്കുക മാത്രമല്ല ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കാനായി വലിയ വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്.

പഞ്ചാബില്‍ ആം ആദ്മി ശക്തമായ പ്രതിപക്ഷമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ദല്‍ഹിയിലെ ഹാട്രിക് വിജയം ചെറുതല്ലാത്ത ആത്മവിശ്വാസമാണ് ആം ആദ്മിക്ക് നല്‍കിയതെന്ന് കെജ്‌രിവാള്‍ സംസാരത്തില്‍ വ്യക്തമായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും കെജ്‌രിവാള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ആം ആദ്മി പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ശ്രമങ്ങെളാന്നും പ്രത്യക്ഷത്തില്‍ ബി.ജെ.പി തുടങ്ങിയിട്ടില്ല. മാത്രമല്ല, ദീര്‍ഘകാലം സഖ്യ കക്ഷിയായിരുന്ന അകാലി ദള്‍ ബി.ജെ.പി വിട്ടുപോയതും കര്‍ഷക ബില്ലിനെതിരെ നടക്കുന്ന സംശങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബാധിക്കാനാണ് സാധ്യത.

ഗുജറാത്ത്

നിലവില്‍ ബി.ജെ.പിയുടെ മുഖ്യ ലക്ഷ്യം ഗുജറാത്തും യു.പിയും നിലനിര്‍ത്തുക എന്നതുതന്നെയാണ്. ബംഗാളിലെ തോല്‍വി നേതാക്കള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ഈ അഭിപ്രായ വ്യത്യാസങ്ങളും യു.പിയിലെ തര്‍ക്കങ്ങളും ഗുജറാത്തിലും ബി.ജെ.പിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ യു.പിയിലും ബംഗാളിലും ബി.ജെ.പി കുരുങ്ങിക്കിടക്കുമ്പോള്‍ ഗുജറാത്തില്‍ പിടിച്ചുകേറാനുള്ള ശ്രമമാണ് ആം ആദ്മി തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആം ആദ്മി പ്രവര്‍ത്തകരുടെ കാല്‍നട യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം ആം ആദ്മിക്ക് ഒരു പിടി വള്ളിയുമായിട്ടുണ്ട്.

ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിലെ ആം ആദ്മിയുടെ മുന്നേറ്റത്തില്‍ അസ്വസ്ഥരായ ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആം ആദ്മി നേതാക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കെജ്‌രിവാള്‍
കത്തയച്ചിട്ടുണ്ട്.

ഉള്‍പ്പാര്‍ട്ടിപ്പോരില്‍ കുടുങ്ങി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൃത്യമായ ഒരു ചുവടു വെയ്ക്കാന്‍ പോലും കോണ്‍ഗ്രസും ബി.ജെ.പിയും പാടുപെടുമ്പോള്‍ പുതിയ സംസ്ഥാനങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആം ആദ്മി പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. യു.പിയിലും പഞ്ചാബിലും ഗുജറാത്തിലും ആം ആദ്മി ദല്‍ഹി തീര്‍ക്കുമോ എന്ന് കണ്ടറിയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aam Aadmi Party and Aravind Kejriwal’s plans for Punjab, Uttar Pradesh and Gujarat, against Congress and BJP

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more