Advertisement
national news
ദല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 17, 01:37 pm
Friday, 17th May 2024, 7:07 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പാര്‍ട്ടിയെ പ്രതിചേര്‍ത്ത കാര്യം ഇ.ഡി സുപ്രീം കോടതിയെ അറിയിച്ചു.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം എ.എ.പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനടക്കം ഉപയോഗിച്ചെന്ന് കാട്ടിയാണ് പാര്‍ട്ടിയെയും കേസില്‍ പ്രതി ചേര്‍ത്തതെന്ന് ഇ.ഡി അറിയിച്ചു. ഗോവ തെരഞ്ഞെടുപ്പിലടക്കം അഴിമതിയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ എന്തുകൊണ്ടാണ് എ.എ.പിയെ പ്രതി ചേര്‍ക്കാത്തതെന്ന് ദല്‍ഹി ഹൈക്കോടതി ഇ.ഡിയോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എ.എ.പിയെയും കേസില്‍ പ്രതി ചേര്‍ത്തത്.

സുപ്രീം കോടതിയില്‍ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് എ.എ.പിയെ പ്രതി ചേര്‍ത്ത കാര്യം അറിയിച്ചത്. അതിനിടെ, അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജി വിധി പറയുന്നതിന് വേണ്ടി സുപ്രീം കോടതി മാറ്റിവെച്ചു.

നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഇടക്കാല ജാമ്യം ലഭിച്ച കെജ്‌രിവാള്‍ ജയില്‍ മോചിതനായിട്ടുണ്ട്. ജൂണ്‍ രണ്ട് വരെയാണ് അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Content Highlight: Aam Aadmi Party also implicated in the Delhi liquor policy case by ED