ചണ്ഡീഗഡ്: പഞ്ചാബില്‍ ഓപറേഷന്‍ താമര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി എ.എ.പി ആരോപിച്ചു.
എ.എ.പിയുടെ എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആരോപണവുമായി പാർട്ടി രംഗത്തെത്തിയത്. ദല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജാണ് പഞ്ചാബില്‍ ഓപറേഷന്‍ താമരയാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചത്.
കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പഞ്ചാബിലെ എം.എല്‍.എമാരെ ബി.ജെ.പി പണം നല്‍കി കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് എ.എ.പി ആരോപിച്ചത്.
പഞ്ചാബില്‍ വലിയ ഭൂരിപക്ഷത്തിലാണ് എ.എ.പി അധികാരത്തില്‍ എത്തിയത്. ജലന്ധര്‍ എം.പി സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റ് എം.എല്‍.എ ശീതള്‍ അന്‍ഗൂറലുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പഞ്ചാബിലെ എ.എ.പിയുടെ ഒരേയൊരു എം.പി ആയിരുന്നു സുശീല്‍ കുമാര്‍ റിങ്കു. കൂടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബുധനാഴ്ച എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എ അവകാശപ്പെട്ടത്.
2023ല്‍ പഞ്ചാബിലെ ജലന്ധറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിര്‍ണായക ഭൂരിപക്ഷത്തോടെ സുശീല്‍ കുമാര്‍ ലോക്സഭാ എം.പി ആവുകയുമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 23നാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായിരുന്ന റിങ്കു ആംആദ്മി പാര്‍ട്ടിയിലേക്ക് മാറിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ സുശീല്‍ കുമാര്‍ റിങ്കുവിനെ ബി.ജെ.പി മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജലന്ധര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാറിനെ എ.എ.പി പ്രഖ്യാപിച്ചിരുന്നു.
Content Highlight: Aam Aadmi Party alleges Operation Tamara in Punjab