| Sunday, 21st April 2019, 5:37 pm

മതേതര വോട്ട് ഭിന്നിക്കാതിരിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ; കോണ്‍ഗ്രസിന്റേത് വല്യേട്ടന്‍ മനോഭാവം; സി.ആര്‍ നീലകണ്ഠന്റേത് 'പൊളിറ്റിക്കല്‍ മണ്ടത്തരം'- ആംആദ്മി പാര്‍ട്ടി സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കുന്നു

ഹരിമോഹന്‍

കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിവാദവുമായ നീക്കങ്ങളായിരുന്നു ആംആദ്മി പാര്‍ട്ടിയുടേത്. ആദ്യം യു.ഡി.എഫിനെ 11 മണ്ഡലങ്ങളില്‍ പിന്തുണയ്ക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിക്കുന്നു. പിന്നീട് ആ നിലപാട് തള്ളി പാര്‍ട്ടി രംഗത്തുവരികയും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇടതുപക്ഷത്തിനു പിന്തുണ നല്‍കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പ്രാവര്‍ത്തികമാകാത്തതടക്കമുള്ള വിഷയങ്ങളില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന ആക്ടിങ് കണ്‍വീനര്‍ തുഫൈല്‍ പി.ടി ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു.

എല്‍.ഡി.എഫിനു പിന്തുണ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുന്നത് എങ്ങനെയാണ് ?

സി.ആര്‍ നീലകണ്ഠന്‍ രാഷ്ട്രീയം നന്നായി അറിയുന്ന വ്യക്തിയാണ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ്. പക്ഷേ, പാര്‍ട്ടിയില്‍ ഇത്രനാള്‍ നിന്നിട്ടും പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ലൈന്‍ എന്താണെന്ന് സി.ആറിന് മനസ്സിലായിട്ടില്ല. സി.ആറിന്റേത് പാര്‍ട്ടി തീരുമാനമായിരുന്നില്ല. സെക്രട്ടറിയായിരുന്ന ഞാന്‍ പോലും അക്കാര്യം അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ മണ്ടത്തരത്തിന്റെ പേരില്‍ വലിയൊരു പൊളിറ്റിക്കല്‍ കാര്യം ചര്‍ച്ച ചെയ്യാതെ പോകരുത്.

ആംആദ്മി പാര്‍ട്ടി എന്തുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നു ?

ഇന്ത്യയിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ മൂവായിട്ടാണു ഞങ്ങളതിനെ കാണുന്നത്. കേരളത്തില്‍ പിന്തുണ ആദ്യം യു.ഡി.എഫിനു കൊടുക്കണോ എല്‍.ഡി.എഫിനു കൊടുക്കണോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവമാണ് അവര്‍ക്കു പിന്തുണ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തിച്ചത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ നടന്നിരുന്നെങ്കിലും അതുപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പറഞ്ഞ വല്യേട്ടന്‍ മനോഭാവമായിരുന്നോ അതിനുകാരണം?

അതെ. ആംആദ്മി പാര്‍ട്ടി തുടക്കം മുതല്‍ക്ക് ഇന്ത്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷകക്ഷികളെ ഒന്നിച്ചുകൊണ്ടുവരികയെന്ന നേതൃപരമായ ദൗത്യം ഏറ്റെടുത്തയാളാണ് അരവിന്ദ് കെജ്‌രിവാള്‍. മറ്റു വ്യത്യാസങ്ങളൊക്കെ മറന്നുകൊണ്ട് ഒന്നിക്കണം എന്ന നിലപാടായിരുന്നു ആംആദ്മി പാര്‍ട്ടിക്കുണ്ടായിരുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനു പിന്തുണ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു ഞങ്ങള്‍. എന്നാല്‍ ഡല്‍ഹി ഒഴിച്ചുള്ള മറ്റൊരു സംസ്ഥാനത്തും അവര്‍ പിന്തുണ നല്‍കാത്തതുകൊണ്ടാണ് ഇക്കാര്യം ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റ് പോലുമില്ല. പക്ഷേ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണമാണ് അവര്‍ ആവശ്യപ്പെട്ടത്. അവസാനം മൂന്നെണ്ണം നല്‍കാമെന്ന് പറഞ്ഞു. അതു സമ്മതിക്കുകയായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും സഖ്യം വേണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. അക്കാര്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ മാത്രം ബി.ജെ.പിയെ തോല്‍പ്പിച്ചാല്‍ പോരല്ലോ. പഞ്ചാബിലും ഹരിയാണയിലും ഒക്കെ തോല്‍പ്പിക്കണ്ടേ. ആശയപരമായിട്ടാണു സഖ്യം വരേണ്ടത്. സീറ്റിന്റെ എണ്ണത്തിലല്ല. അതെല്ലായിടത്തും വരണം.

2014-ല്‍ ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നു. ഇത്തവണ മത്സരിക്കുന്ന സീറ്റുകള്‍ കുറവാണ്. എന്താണ് അങ്ങനെയൊരു നിലപാടിലേക്കെത്തിയത് ?

കഴിഞ്ഞ പ്രാവശ്യം 31 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്കു ലഭിച്ചത്. ബാക്കി വോട്ട് മതേതര വോട്ടാണ്. അതു വിഭജിച്ചുപോകുകയായിരുന്നു. അക്കാര്യം വീണ്ടും സംഭവിക്കരുതെന്നാണു ഞങ്ങളുടെ ആഗ്രഹം. പക്ഷേ കോണ്‍ഗ്രസിന്റെ ചിന്ത അവര്‍ക്കെങ്ങനെ രണ്ട് സീറ്റ് കൂടുതല്‍ നേടാം എന്നതിലാണ്. 2014-ല്‍ ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി മത്സരിച്ചു. കേരളത്തില്‍ 20 സീറ്റിലും മത്സരിച്ചു. വോട്ട് വിഭജിക്കാതിരിക്കാനാണ് ഇത്തവണ മത്സരിക്കാത്തത്.

ഇത്തവണ എവിടെയൊക്കെ മത്സരിക്കുന്നുണ്ട് ?

ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മത്സരിക്കുന്നത്. അതില്‍ ഹരിയാണയില്‍ ജെ.ജെ.പിയുമായി സഖ്യത്തിലാണ്.

മറ്റു സംസ്ഥാനങ്ങളിലെ നിലപാടുകള്‍ ?

ബെഗുസാരായിയില്‍ കനയ്യ കുമാറിനുവേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചതാണ്. പ്രകാശ് രാജിന് പരസ്യപിന്തുണ നല്‍കിയിട്ടുണ്ട്. ബംഗാളില്‍ മമതാ ബാനര്‍ജിക്കും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനും പിന്തുണ നല്‍കി. മമതയുടെ ബദ്ധവൈരികളായ സി.പി.ഐ.എമ്മിനു കേരളത്തില്‍ പിന്തുണ നല്‍കി. ബദ്ധവൈരികളെപ്പോലും ഒരേ പ്ലാറ്റ്‌ഫോമിലേക്കു കൊണ്ടുവരാന്‍ കെജ്‌രിവാളിനു സാധിച്ചു. കോണ്‍ഗ്രസായിരുന്നു ഇതു ചെയ്യേണ്ടിയിരുന്നത്. കെജ്‌രിവാളിന്റെ താത്പര്യം എന്തായിരുന്നുവെന്നാല്‍ ഈ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തി സഖ്യമുണ്ടാക്കണമെന്നായിരുന്നു. പക്ഷേ അപ്പോഴും അവര്‍ നോക്കുന്നത് അവരുടെ പാര്‍ട്ടിയുടെ താത്പര്യമാണ്. യഥാര്‍ഥത്തില്‍ പ്രാദേശികപാര്‍ട്ടികളാണ് ഏറ്റവും വലിയ ശക്തി. അവരെ നയിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മായാവതിയൊക്കെ കോണ്‍ഗ്രസിന്റെ കൂടെപ്പോകുമോ എന്ന കാര്യം പോലും ഉറപ്പില്ല.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more