കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് വോട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്ക്ക് മറുപടിയുമായി ആംആദ്മി പാര്ട്ടി. ഇടതുപക്ഷത്തിന് ആംആദ്മി പാര്ട്ടിയുടെ വോട്ട് കിട്ടിയാല് കൊള്ളാമെന്നുണ്ടെങ്കിലും അത് വെറും ആഗ്രഹം മാത്രമാണെന്നായിരുന്നു ആംആദ്മി പാര്ട്ടി സംസ്ഥാന കണ്വീനര് പി.സി.സിറിയക്കിന്റെ പ്രതികരണം. വോട്ടിന്റെ കാര്യത്തില് എം. സ്വരാജ് അവരുടെ ആഗ്രഹം പറഞ്ഞതാണെന്നും അത് ആഗ്രഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലായിരുന്നു പി.സി.സിറിയക്കിന്റെ പ്രതികരണം.
ഇരു മുന്നണികളും ഞങ്ങളുടെ വോട്ടര്മാരെ സ്വാധീനിക്കാന് ശ്രമം നടത്തുന്നുണ്ട്. അതില് അതിശയിക്കാനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ട്വന്റി 20യും 2014 ലോക്സഭ തെരഞ്ഞെടുപ്പിലും ആംആദ്മി പാര്ട്ടിയും വോട്ടുകള് പിടിച്ചിട്ടുണ്ട്. ഇപ്പോള് രണ്ട് പാര്ട്ടികളും സഖ്യമായതോടെ ജനങ്ങള്ക്ക് ആവേശം കൂടി. നാല്പതിനായിരത്തോളം വോട്ടുകള് തങ്ങള്ക്കിവിടെയുണ്ട്.
അത് സ്വന്തമാക്കാന് എല്ലാവര്ക്കും ആഗ്രഹമുണ്ടാവുമെന്നും പി.സി. സിറിയക്ക് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്കണോ വേണ്ടയോ എന്ന കാര്യത്തില് രണ്ട് ദിവസത്തിനുള്ളില് ഒരു തീരുമാനത്തിലെത്തുമെന്നും ട്വന്റി 20യുമായി ആലോചിച്ച ശേഷമാണ് നിലപാട് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിലില്ലാത്തത് കൊണ്ട് യു.ഡി.എഫിനെ കുറിച്ച് എതിര്പ്പ് പറയാന് നിവൃത്തിയില്ല. എന്നുവെച്ച് അവര് എല്ലാം തികഞ്ഞവരല്ല. ചില എതിര്പ്പുകളൊക്കെ അവശേഷിക്കുന്നുണ്ട്. ദേശീയ തലത്തില് ഇടതുപക്ഷത്തിനോടൊപ്പെമെന്ന നിലപാടില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില് എ.എ.പിക്കെതിരെ സി.പി.ഐ.എം മത്സരിച്ചിട്ടുണ്ടെന്നും പി.സി. സിറിയക്ക് പറഞ്ഞു. അതേസമയം തന്നെ തങ്ങളുടെ വോട്ടര്മാര് വളരെ പ്രബുദ്ധരാണ്. അവര്ക്ക് പ്രത്യേകിച്ച് നിര്ദേശം കൊടുക്കേണ്ടതുണ്ടോ എന്നതും തങ്ങളുടെ പരിഗണനയിലാണെന്നും പി.സി. സിറിയക്ക് കൂട്ടിച്ചേര്ത്തു.