ന്യൂദല്‍ഹി: രാജ്യസഭയിലെ ശീതകാല സമ്മേളനത്തില്‍ നിന്നും ആം ആദ്മി എം.പി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനും രാജ്യസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടും മടങ്ങിപ്പോകാത്തതിനുമാണ് നടപടി.
മണിപ്പൂര്‍ വിഷയത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചവരെ രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു. ഉച്ചയ്ക്ക് പുനരാരംഭിച്ച ചോദ്യോത്തര വേളയില്‍ മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 267 റൂള്‍ പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ എം.പിമാര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സഭയില്‍ വന്ന് മണിപ്പൂരിനെ കുറിച്ച് സംസാരിക്കണമെന്നും ചര്‍ച്ചയ്ക്ക് മേല്‍ നോട്ടം വഹിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ചോദ്യോത്തര വേള തുടരുകയായിരുന്നു. തുടര്‍ന്ന് ജലമന്ത്രി ഗജേന്ദ്ര ശെഖാവത്ത് തന്റെ വകുപ്പിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ മുദ്രാവാക്യം വിളിച്ച് സിങ് നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. പ്രതിപക്ഷ എം.പിമാര്‍ ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ ചോദ്യോത്തര വേള അനുവദിച്ചതിനെതിരെയാണ് സിങ് പ്രതിഷേധിച്ചത്.
എന്നാല്‍ ധന്‍കര്‍ അദ്ദേഹത്തെ താക്കീത് ചെയ്തു. അതേസമയം സിങ് ചെയ്യുന്നത് രാജ്യസഭയുടെ അച്ചടക്കത്തിന്റെയും പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ധന്‍കറിനോട് ആവശ്യപ്പെടുകയും ചെയ്തു.
സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയവും അവതരിപ്പിച്ചു. അത് ശബ്ദ വോട്ടിനിട്ട് സഭ അംഗീകരിച്ചു. തുടര്‍ന്ന് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.
അതേസമയം നടപടിയില്‍ ആം ആദ്മി പ്രതികരണവുമായി രംഗത്തെത്തി. സഞ്ജയ് സിങ് പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാണെന്നും എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ബി.ജെ.പി അദ്ദേഹത്തെ ജയിലിലടക്കുമായിരുന്നുവെന്നും ആം ആദ്മി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.