| Saturday, 7th September 2024, 10:01 pm

'ജാതി സെന്‍സസിനോട് മുഖം തിരിച്ചു'; ആം ആദ്മി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ രാജേന്ദ്ര പാല്‍ ഗൗതം കോണ്‍ഗ്രസിലേക്ക്. സീമാപുരി മണ്ഡലത്തിലെ പ്രതിനിധിയായ രാജേന്ദ്ര പാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് ദല്‍ഹി അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് രാജേന്ദ്ര പാല്‍ അംഗത്വം സ്വീകരിച്ചത്.

വിദ്വേഷത്തിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ താനും വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാജേന്ദ്ര പാല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് മതപരവും ജാതിപരവുമായ ഉന്മാദത്തിന്റെ വര്‍ധനവുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രാജേന്ദ്ര പാല്‍ നന്ദി അറിയിക്കുകയും ചെയ്തു.

‘അദ്ദേഹം എനിക്ക് അവസരങ്ങള്‍ നല്‍കി. രണ്ട് തവണ ഞാന്‍ എം.എല്‍.എയായി,’ എന്നാണ് രാജേന്ദ്ര പാല്‍ പറഞ്ഞത്. അതേസമയം ജാതി സെന്‍സസ്, സാമൂഹ്യനീതി തുടങ്ങിയ കാര്യങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മൗനം പാലിച്ചെന്നും രാജേന്ദ്ര പാല്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്താല്‍, എ.എ.പി ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി മുഖ്യമന്ത്രി രാജി അറിയിച്ചുകൊണ്ട് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

2022 ഒക്ടോബറില്‍ ദല്‍ഹി നിയമസഭയിലെ സാമൂഹ്യക്ഷേമ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഹിന്ദു മതസ്ഥര്‍ ബുദ്ധമതം സ്വീകരിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്.

അതേസമയം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെ പാര്‍ട്ടിമാറ്റം. ദേശീയ തലത്തില്‍ എ.എ.പി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.

കോണ്‍ഗ്രസും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് ആരുമായും സഖ്യത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സഖ്യം ചേരാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയത്.

സര്‍ക്കാര്‍ രൂപീകരണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതയില്‍ ബി.ജെ.പിയില്‍ നിന്ന് സിറ്റിങ് മന്ത്രി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രാജിവെച്ച് പുറത്തുപോയിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന് അനുകൂലമായ കാറ്റാണ് വീശുന്നത്.

Content Highlight: Aam Aadmi MLA joined Congress

We use cookies to give you the best possible experience. Learn more