ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രതിഷേധത്തിന് പിന്നാലെ ആം ആദ്മി സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചു. ദല്‍ഹിയില്‍ നടന്ന ഒരു മതപരിവര്‍ത്തന ചടങ്ങില്‍ ഗൗതം പങ്കെടുത്തതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ഒക്ടോബര്‍ അഞ്ചിന്, പതിനായിരത്തോളം ആളുകള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചടങ്ങില്‍ ഗൗതം പങ്കെടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശവുമായി ബി.ജെ.പി രംഗത്തെത്തി.
ചടങ്ങില്‍ ഗൗതം ഹിന്ദുദേവന്മാരെയും ദേവിമാരെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
രാജിക്കത്ത് രാജേന്ദ്ര പാല്‍ ഗൗതം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. താന്‍ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ബി.ജെ.പി കെജ്‌രിവാളിനെയും എ.എ.പിയെയും ലക്ഷ്യം വെക്കുന്നുവെന്നും അത് തന്നെ വേദനിപ്പിക്കുന്നെന്നും ഗൗതം പറഞ്ഞു.
‘ഇന്ത്യയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് തുടരും. ജീവിതത്തിലൂടനീളം ബാബാ സാഹിബ് അംബേദ്കറുടെ ഉപദേശങ്ങള്‍ പാലിക്കും’, അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ ഒരു സംഘം ബി.ജെ.പി നേതാക്കള്‍ ന്യൂദല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ കാണുകയും ഗൗതമിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
നേരത്തെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിനെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കെജ്‌രിവാള്‍ പങ്കെടുത്ത പരിപാടിക്ക് മുന്നോടിയായി എ.എ.പി പ്രവര്‍ത്തകര്‍ ഈ ബാനറുകള്‍ നീക്കം ചെയ്തിരുന്നു.
‘ബി.ജെ.പി എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നു. അവര്‍ എന്നെ വെറുക്കുന്നു. അതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല’ എന്നാണ് കെജ്‌രിവാള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.