ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി. ആറ് എം.എല്‍.എമാര്‍ നിയമസഭാംഗത്വം ഒഴിഞ്ഞു. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതോടെയാണ് എം.എല്‍.എമാരുടെ കൂട്ടരാജി.
ത്രിലോക്പുരി എം.എല്‍.എ രോഹിത് മെഹ്റൗലിയ, കസ്തൂര്‍ബാ നഗറില്‍ നിന്നുള്ള മദന്‍ ലാല്‍, ജനക്പുരി എം.എല്‍.എ രാജേഷ് ഋഷി, പാലത്ത് എം.എല്‍.എ ഭാവന ഗൗര്‍, ബിജ്വാസനില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ജൂണ്‍, ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ കുമാര്‍ ശര്‍മ എന്നിവരാണ് രാജിവെച്ചത്.
ഇവര്‍ക്ക് പുറമെ മെഹ്റോലിയില്‍ നിന്നുള്ള എം.എല്‍.എ നരേഷ് യാദവും രാജിവെച്ചിട്ടുണ്ട്. ഇദ്ദേഹം രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. രണ്ട് തവണ എം.എല്‍.എയായ എ.എ.പി നേതാവിന് നരേഷ് യാദവ്.
ഇത്തവണയും നരേഷ് യാദവ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ ഡിസംബറില്‍ ഖുറാന്‍ അവഹേളനക്കേസില്‍ പഞ്ചാബ് കോടതി നരേഷിനെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
തുടര്‍ന്ന് അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍, നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെ മെഹ്റൗളിയില്‍ സ്ഥാനാര്‍ത്ഥിയായി എ.എ.പി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം എം.എല്‍.എമാരുടെ കൂട്ടരാജി സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2025 ദല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാമതും ഭരണത്തിലേറുമെന്ന പ്രത്യാശയോടെയാണ് ആം ആദ്മി കളത്തിലിറങ്ങിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തെരഞ്ഞെടുപ്പ് കമ്മീഷനും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ് ദല്‍ഹിയില്‍ തുടരുന്നത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന കെജ്‌രിവാളിന്റെ ആരോപണമാണ് നിലവില്‍ വിവാദമായിരിക്കുന്നത്.
പരാമര്‍ശത്തില്‍ ഹരിയാന കോടതി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് (വെള്ളി) രാവിലെ ധൈര്യമുണ്ടെങ്കില്‍ യമുനയിലെ വെള്ളം കുടിച്ച് കാണിക്കാന്‍ കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരുന്നു.
Content Highlight: Aam Aadmi hits back in Delhi; Collective resignation of MLAs on denial of election tickets