| Saturday, 1st October 2022, 9:04 pm

വിജയിച്ചാല്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കും; ഗുജറാത്തില്‍ നീക്കങ്ങള്‍ ശക്തമാക്കി എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ ആം ആദ്മി സംഘടിപ്പിച്ച ദ്വിദിന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിനൊപ്പമാണ് കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം.

ബി.ജെ.പിക്ക് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നില്ലെന്നും അവര്‍ക്ക് തങ്ങളുടെ കീശ വീര്‍പ്പിക്കുക മാത്രമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ തവണ ഞാന്‍ ഗുജറാത്ത് സന്ദര്‍ശിച്ച സമയത്ത് ഒരാള്‍ എന്നെ സമീപിച്ചിരുന്നു. ജോലിക്കായി ബി.ജെ.പിക്കാരുടെ അടുത്ത് പോയപ്പോള്‍ തന്നെ പുറത്താക്കിയെന്നായിരുന്നു അയാള്‍ എന്നോട് പറഞ്ഞത്. ബി.ജെ.പിക്ക് നിങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് നിര്‍ബന്ധമില്ല. അവരുടെ മക്കള്‍ ചെയര്‍മാന്മാരാകുകയും നല്ല പദവികള്‍ വഹിക്കുകയും ചെയ്യും. അവര്‍ നമ്മുടെ കുട്ടികളെ പീഡിപ്പിക്കും. അവര്‍ക്ക് അവരുടെ കീശ വീര്‍പ്പിക്കുക മാത്രമാണ് ലക്ഷ്യം.’അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിച്ചെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ദല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നുണ്ട്. അവരെല്ലാം സാധാരണ വീടുകളില്‍ നിന്നും വരുന്നവരാണ്.

നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ അവര്‍ക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കൂ. അതോടെ അവര്‍ക്ക് കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാധിക്കും.

എന്നാല്‍ ഗുജറാത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി കച്ചിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നര്‍മദ നദിയിലെ ജലം എല്ലാ വീടുകളിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എ.എ.പി അധികാരത്തില്‍ വന്നതിന് ശേഷം ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കും. കച്ച് മേഖലയിലെ എല്ലാ പ്രദേശങ്ങളിലേക്കും നര്‍മ്മദാ ജലം എത്തിക്കും. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ആം ആദ്മി പാര്‍ട്ടിക്ക് ഒരവസരം നല്‍കൂ,’ അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ചികിത്സ നല്‍കുന്നതിനായി ഗുജറാത്തിലെ 33 ജില്ലകളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രി നിര്‍മിക്കുമെന്നും കെജ്‌രിവാള്‍ റഞ്ഞു.

‘ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായി. ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോള്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു,” ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Aam aadmi chief arvind kejriwal says that there party will build schools and hospitals in gujarat if won

We use cookies to give you the best possible experience. Learn more