ന്യൂദല്‍ഹി: രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍. സ്വാതി മലിവാള്‍, സഞ്ജയ് സിങ്, എന്‍.ഡി ഗുപത എന്നീ ആം ആദ്മി സ്ഥാനാര്‍ത്ഥികളാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2023 ഡിസംബര്‍ 19 ന് ആണ് സിക്കിമിലും ദല്‍ഹിയിലും രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ദല്‍ഹി നിയമസഭയില്‍ ബി.ജെ.പി പ്രതിപക്ഷ സ്ഥാനത്ത് ഉണ്ടെങ്കിലും രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കാനുള്ള അംഗബലം പാര്‍ട്ടിക്ക് ഇല്ല. തുടര്‍ന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സ്വാതി മലിവാള്‍ ദല്‍ഹിയിലെ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു.
ദല്‍ഹി എക്സൈസ് പോളിസി കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ് നിലവില്‍ ജയിലിലാണ്. ജയിലിലിരിക്കെ തന്നെയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതില്‍ ഇ.ഡിയുടെ അവസാനത്തെ ഇര താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് സിങ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കൂടാതെ എന്‍.ഡി. ഗുപ്തക്ക് ഒരു അവസരം കൂടി പാര്‍ട്ടി നേതൃത്വം നല്‍കുകയായിരുന്നു.
അതേസമയം നിലവില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹിയിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലെ എം.പിമാരുടെ കാലാവധി ജനുവരി 27ന് അവസാനിക്കും. ഈ സീറ്റുകളിലേക്കുള്ള നോമിനേഷന്‍ ജനുവരി 3ന് ആരംഭിച്ചു. ജനുവരി 9ന് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
‘ഞാന്‍ വളരെ വികാരാധീനയാണ്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2006ല്‍ തുടങ്ങിയ സമരം ഇനി പാര്‍ലമെന്റിലും തുടരും. 20 ദശലക്ഷം ദല്‍ഹി നിവാസികളെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എന്റെ ശബ്ദം ഉച്ചത്തില്‍ ഉയര്‍ത്താന്‍ ഞാന്‍ ശ്രമിക്കും,’ സ്വാതി മലിവാള്‍ പ്രതികരിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ സംഘടനാ ശക്തി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് എ.എ.പി നേതാവ് വിജയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
Content Highlight: Aam Aadmi candidates to Rajya Sabha unopposed